ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മറക്കാനാകാത്തതാണെന്ന് എൻസിപിഐ എംപിമാരായ ഡോ. കകോലി ഘോഷ് ദസ്തിദാറും, സയോണി ഘോഷും. കഴിഞ്ഞ ദിവസമാണ് എൻഡിഎ എംപിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഡോ. കകോലി ഘോഷ് ദസ്തിദാറിനെയും സയോണി ഘോഷിനെയും മോദി കണ്ടത്. തൃണമൂലിൽ നിന്ന് രാജി വച്ചവരാണ് കകോലി ഘോഷും, സയോണിയും.
ഈ കൂടിക്കാഴ്ച തനിക്ക് വളരെ സവിശേഷവും അവിസ്മരണീയവുമാണെന്ന് സയോണി ഘോഷ് പറഞ്ഞു . കൊൽക്കത്തയിൽ നിന്ന് കൊണ്ടുവന്ന ബംഗാളിന്റെ പ്രശസ്തമായ കാന്ത എംബ്രോയിഡറി ഡോ. കകോലി ഘോഷ് ദസ്തിദാർ പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചു. ബംഗാളിന്റെ കാന്ത കലയെ പ്രധാനമന്ത്രി പ്രശംസിച്ചതായും നെയ്ത്തുകാർക്ക് പിന്തുണ ഉറപ്പുനൽകിയതായും അവർ പറഞ്ഞു.
‘പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ച, മറക്കാനാവാത്ത ഒരു നിമിഷം’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ എക്സിൽ പങ്കുവെച്ച് സയാനി ഘോഷ് കുറിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ഏകദേശം 45 എംപിമാരെയാണ് കഴിഞ്ഞ ദിവസം മോദി പ്രഭാതഭക്ഷണത്തിനായി ക്ഷണിച്ചത്.
ഇതിൽ ശിവസേനയിൽ നിന്നുള്ള ഏഴ് പേരും എൻസിപിഐയിൽ നിന്നുള്ള 20 പേരും എൻസിപിയുടെ അജിത് പവാർ വിഭാഗത്തിൽ നിന്നുള്ള രണ്ട് പേരും ഉപേന്ദ്ര കുശ്വാഹ ഉൾപ്പെടെയുള്ള മറ്റ് എംപിമാരും ഉൾപ്പെടുന്നു. പ്രഭാതഭക്ഷണത്തിനിടെ പ്രധാനമന്ത്രി എംപിമാരുമായി വ്യക്തിപരമായി സംസാരിക്കുകയും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ധാരാശിവ് എംപി ഒംരാജെ നിംബാൽക്കറുടെ യോഗാഭ്യാസത്തെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു.

