വാരാണസി: നിരോധിത സംഘടനയായ ‘തൃതീയ പ്രസ്തുതി കമ്മിറ്റി’യുടെ തലവനും മുതിർന്ന നക്സൽ നേതാവുമായ ബ്രിജേഷ് ഗഞ്ജു യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വാരാണസിയിൽ വെച്ച് ഉത്തർപ്രദേശ് ആന്റി-ടെററിസം സ്ക്വാഡുമായുള്ള ഏറ്റുമുട്ടലിലാണ് ബ്രിജേഷ് ഗഞ്ജു കൊല്ലപ്പെട്ടത് . ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഇയാളെ പിടികൂടുന്നവർക്ക് 30 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടൽ, യുഎപിഎ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി കേസുകളിൽ ബ്രിജേഷ് ഗഞ്ജു പ്രതിയായിരുന്നു. തെംഗ്ര മോറിൽ നിന്ന് രാംനഗർ വഴി മുഗൾസരായിയിലേക്ക് സഹായിക്കൊപ്പം മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു ഗഞ്ജു .
തടയാൻ പോലീസുകാർ ശ്രമിച്ചപ്പോൾ മോട്ടോർ സൈക്കിളിൽ നിന്നിറങ്ങി ഗഞ്ജു പോലീസിന് നേരെ വെടിയുതിർത്തു. . തുടർന്നുണ്ടായ വെടിവെപ്പിൽ ഇയാൾക്ക് പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വാരാണസിയിലെ രാംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലങ്ക മൈതാൻ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
വെടിവെപ്പിൽ യുപി എടിഎസ് ഡെപ്യൂട്ടി എസ്പി വിപിൻ റായി, ഹെഡ് കോൺസ്റ്റബിൾ നിതേന്ദ്ര കൃഷ്ണ എന്നിവരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വെടിയുണ്ടകൾ കൊണ്ടെങ്കിലും ഇരുവർക്കും പരിക്കേറ്റില്ലെന്ന് പോലീസ് അറിയിച്ചു.
നിരവധി കേസുകളിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി തേടുന്ന പ്രതിയായിരുന്നു ഗഞ്ജു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ജാർഖണ്ഡ് സർക്കാർ 25 ലക്ഷം രൂപയും എൻഐഎ 5 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.യുപി എടിഎസ് ഗഞ്ജുവിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും വാരണാസിയിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യം സംബന്ധിച്ച വിവരം ലഭിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.

