ഡബ്ലിൻ: കാനഡയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും കനേഡിയൻ ധനമന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്നും തമ്മിൽ ചർച്ച നടത്തി. ഡബ്ലിൻ കാസിലിൽ നടന്ന യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാരുടെ രണ്ട് ദിവസത്തെ അനൗപചാരിക യോഗത്തിന്റെ സമാപന വേളയിൽ ആയിരുന്നു ഇരുമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. മറ്റ് വിഷയങ്ങളിലും ഇരു മന്ത്രിമാരും തമ്മിൽ ചർച്ചകൾ നടത്തി.
ബുധനാഴ്ച സ്ട്രാസ്ബർഗിൽ നടന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ, യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ കാനഡയ്ക്ക് യൂറോപ്യൻ യൂണിയനിലെ ‘ആദ്യ അസോസിയേറ്റ് അംഗമാകാൻ ക്ഷണം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു മന്ത്രിമാരും തമ്മിൽ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയത്. ആഗോളതലത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ സമയത്ത് യൂറോപ്യൻ യൂണിയൻ – കാനഡ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുക എന്നത് കൂടുതൽ അനിവാര്യമാണെന്ന് ഹാരിസ് പ്രതികരിച്ചു.

