ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ആറ് വ്യക്തികളെ ഉൾപ്പെടുത്തി പുതിയ എഫ്ഐആർ ഫയൽ ചെയ്തു . അതിൽ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്.സാം പിട്രോഡയും മറ്റ് മൂന്ന് പേരും എഫ്ഐആറിൽ ഉൾപ്പെടുന്നു.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ മുൻ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ സ്വത്തുക്കൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായി സേവനമനുഷ്ഠിക്കുന്ന യംഗ് ഇന്ത്യൻ എന്ന കമ്പനി അനുചിതമായി ഏറ്റെടുത്തുവെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് പരാതി നൽകിയത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് എജെഎല്ലിന് 90 കോടി രൂപയുടെ പലിശരഹിത വായ്പ ലഭിച്ചതായി റിപ്പോർട്ടുണ്ട്. വായ്പ തിരിച്ചടയ്ക്കാതെ വന്നപ്പോൾ, 2010 ൽ 5 ലക്ഷം രൂപ മൂലധനത്തോടെ സ്ഥാപിതമായ യംഗ് ഇന്ത്യൻ, ഏകദേശം 5,000 കോടി രൂപയുടെ ആസ്തികളുള്ള എജെഎല്ലിന്റെ നിയന്ത്രണം ഏറ്റെടുത്തു എന്നാണ് ആരോപണം.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സാം പിട്രോഡ തുടങ്ങിയവർ യംഗ് ഇന്ത്യയുടെ ബോർഡിൽ ഉൾപ്പെടുന്നു. എജെഎല്ലും അതിന്റെ ഗണ്യമായ സ്വത്തുക്കളും ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ നേതാക്കളും അവരുടെ കൂട്ടാളികളും യംഗ് ഇന്ത്യ രൂപീകരിച്ചതായും പരാതിയിൽ ആരോപിക്കുന്നു.

