നൈജീരിയ: ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ ഓഫ് നൈജർ നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് നൈജീരിയ . 1969-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ് മോദി . പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 17ാം മത്തെ അന്താരാഷ്ട്ര ബഹുമതിയാണിത്.
പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിൻ്റെ ക്ഷണപ്രകാരം രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നൈജീരിയയിൽ എത്തിയത്. പതിനേഴ് വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത് . ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്ന് മോദി പറഞ്ഞു . നൈജീരിയൻ സന്ദർശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം എക്സിൽ പങ്ക് വച്ചിട്ടുണ്ട്.
നേരത്തെ കരീബിയൻ രാജ്യമായ കോമൺ വെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയും മോദിയെ തേടിയെത്തിയിരുന്നു. നൈജീരിയയിൽ നിന്നും രണ്ടു ദിവസത്തെ G20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ബ്രസീലിയൻ നഗരമായ റിയോ ഡി ജെനീറോയിലേക്ക് അദ്ദേഹം നാളെ തിരിയ്ക്കും.