ധാക്ക: അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ച് ബംഗ്ലാദേശ് ഇടക്കാല ഗവൺമെൻ്റിൻ്റെ തലവൻ മുഹമ്മദ് യൂനുസ്. മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രൊഫസർ യൂനുസ് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലെത്തി. മൻമോഹൻ സിംഗിൻ്റെ ചിത്രത്തിന് മുന്നിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. ഹൈക്കമ്മീഷന്റെ അനുശോചന പുസ്തകത്തിൽ അദ്ദേഹം അനുശോചന സന്ദേശവും എഴുതി.
രാവിലെ 11.30 ഓടേയാണ് യൂനുസ് ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലെത്തി ഹൈക്കമ്മീഷണർ പ്രണോയ് കുമാർ വർമ്മയെ കണ്ടത് . ഹൈക്കമ്മീഷണറുമായി സംസാരിച്ച പ്രൊഫസർ യൂനുസ് മൻമോഹൻ സിങ്ങുമായുള്ള സൗഹൃദത്തിൻ്റെ കഥകൾ പറയുകയും ചെയ്തു. മൻമോഹൻ വളരെ ലാളിത്യമുള്ള വ്യക്തിയാണെന്നും , ബുദ്ധിമാനായിരുന്നുവെന്നും യൂനുസ് പറഞ്ഞു.
അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ട അദ്ദേഹം അങ്ങേയറ്റം വിനയാന്വിതനായ വ്യക്തിയും, ദീർഘവീക്ഷണമുള്ള നേതാവുമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും . ഡോ. മൻമോഹൻ സിംഗിൻ്റെ നേതൃത്വം ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുക മാത്രമല്ല, ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിൻ്റെയും സഹകരണത്തിൻ്റെയും ബന്ധം ശക്തിപ്പെടുത്തുന്നതിനും സംഭാവന നൽകി.‘ – യൂനുസ് പറഞ്ഞു.