ഹൈദരാബാദ്: തെലങ്കാനയിലെ മുളുഗു ജില്ലയിൽ പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മുളുഗു ജില്ലയിലെ ഏതൂർനഗരം വനമേഖലയിൽ വെച്ചായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് കൂടുതൽ മാവോയിസ്റ്റുകൾ ഒളിഞ്ഞിരിക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഒളിഞ്ഞിരിക്കുന്നവർക്കായി തിരച്ചിൽ ഊർജ്ജിതമാണെന്ന് മുളുഗു എസ്പി ശബരീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ തെലങ്കാനയിൽ പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ മോത്തെ ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. മേഖലയിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും എകെ 47, റൈഫിളുകൾ, പിസ്റ്റലുകൾ, ഗ്രനേഡുകൾ, മാഗസീനുകൾ എന്നിവയും പോലീസ് കണ്ടെടുത്തിരുന്നു.