ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വിട നൽകി രാജ്യം. സംസ്കാരം നിഗംബോധ് ഘട്ടിൽ നടന്നു . മൃതദേഹവുമായി വാഹനത്തിൽ രാഹുൽ ഗാന്ധി നിഗംബോധ് ഘട്ടിലെത്തി. മൻമോഹൻ സിംഗിന് ഗാർഡ് ഓഫ് ഓണർ നൽകി. പൂർണ്ണ സൈനിക ബഹുമതിയോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത് .
ജൻപഥ് മൂന്നാം നമ്പർ വസതിയിൽ നിന്ന് ഭൗതികശരീരം രാവിലെ 9 മണിയോടെ എ ഐ സി സി ആസ്ഥാനത്ത് എത്തിച്ചു. 11 മണിവരെ എഐസിസി ആസ്ഥാനത്ത് പൊതുദർശനം ക്രമീകരിച്ചിരുന്നു .. ഭാര്യ ഗുർശരൺ കൗറും മകൾ ദമൻ സിംഗും കോൺഗ്രസ് ആസ്ഥാനത്ത് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. രാഹുൽ ഗാന്ധി, സോണിയ, പ്രിയങ്ക എന്നിവരെ കൂടാതെ മറ്റ് കോൺഗ്രസ് നേതാക്കളും മൻമോഹന് അന്ത്യോപചാരമർപ്പിച്ചു
തുടർന്നാണ് വിലാപയാത്രയായി നിഗംബോധ് ഘട്ടിൽ ഭൗതികശരീരം എത്തിച്ചത് .രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് , ആഭ്യന്തരമന്ത്രി അമിത് ഷാ , ജെപി നദ്ദ എന്നിവരും സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു
മന്മോഹൻ സിംഗിനോടുള്ള ആദരസൂചകമായി കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും , കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട് .