മുംബൈ : സാംഗ്ലിയിലെ ഇസ്ലാംപൂരിന്റെ പേര് ഈശ്വർപൂർ എന്നാക്കി മാറ്റാൻ മഹാരാഷ്ട്ര സർക്കാർ . ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരാണ് മന്ത്രിസഭാ യോഗത്തിൽ ഈ തീരുമാനം എടുത്തത് . നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് പേര്മാറ്റം പ്രഖ്യാപിച്ചത്. ഈ നിർദ്ദേശം അന്തിമ അംഗീകാരത്തിനായി കേന്ദ്ര സർക്കാരിന് അയയ്ക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ നിയമസഭയെ അറിയിച്ചു.
ഇസ്ലാംപൂരിന്റെ പേര് മാറ്റണമെന്ന ആവശ്യം വളരെക്കാലമായി നിലനിന്നിരുന്നു. 1986 മുതൽ, പ്രദേശത്തെ ജനങ്ങളും ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിഷ്ഠാനും ഇതിനായി ശബ്ദമുയർത്തുന്നുണ്ട്. സാംഗ്ലി കളക്ടറേറ്റിൽ നിവേദനം സമർപ്പിച്ചുകൊണ്ട് സംഘടനയുടെ നേതാവ് സംഭാജി ഭിഡെയും രംഗത്തെത്തി. പ്രാദേശിക ശിവസേന നേതാവും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും അഹമ്മദ് നഗറിനെ അഹല്യനഗർ എന്നും പുനർനാമകരണം ചെയ്യുന്നതുപോലുള്ള തീരുമാനങ്ങൾ മഹാരാഷ്ട്ര സർക്കാർ ഇതിനകം കൈക്കൊണ്ടിട്ടുണ്ട്. ഇസ്ലാംപൂരിൻ്റെ പേര് മാറ്റുന്നതും അതേ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്.

