അമരാവതി: തലയ്ക്ക് 50 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാൻഡർ മാദ്വി ഹിദ്മ (43) കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് മാദ്വി ഹിദ്മ കൊല്ലപ്പെട്ടത്.
ഇപ്പോഴും സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. മാദ്വിയുടെ ഭാര്യ രാജെ എന്ന രാജകയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആറ് മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു മാദ്വി.
2010-ൽ 76 സിആർപിഎഫ് ജവാന്മാരുടെ മരണത്തിന് കാരണമായ ദന്തേവാഡ ആക്രമണത്തിലും 2013-ൽ കോൺഗ്രസ് ഉന്നത നേതാക്കൾ ഉൾപ്പെടെ 27 പേരുടെ മരണത്തിന് കാരണമായ ജിറാം ഘാട്ടി ആക്രമണത്തിലും മാദ്വി പ്രധാന പങ്ക് വഹിച്ചതായാണ് റിപ്പോർട്ട്. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ ഏക ബസ്തർ ഗോത്ര വിഭാഗക്കാരനാണ്. മാവോയിസ്റ്റ് സെൻട്രൽ മിലിറ്ററി കമ്മീഷൻ തലവനായ നാദ്വി ഗറില്ലാ ആക്രമണങ്ങളിൽ വിദഗ്ധനാണ്

