ബെംഗളൂരു ; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു . ഡികെ ശിവകുമാറിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായിട്ടാണ് സിദ്ധരാമയ്യയുടെ രാജി പ്രഖ്യാപനം . ഇന്ന് ഉച്ച കഴിഞ്ഞ് രാജി സമർപ്പിക്കാൻ സിദ്ധരാമയ്യ ലോക് ഭവനിൽ എത്തും . ഗവർണർ സ്ഥലത്തില്ലാത്തതിനാൽ ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് രാജിക്കത്ത് കൈമാറും.
അതേസമയം ശിവകുമാറിന്റെ പേര് ഇതുവരെ നിയമസഭാ കക്ഷിയോഗത്തിൽ അംഗീകരിച്ചിട്ടില്ല. നാളെ വൈകിട്ട് 5 ന് ബെംഗളൂരുവിലെ ഹോട്ടലിൽ നിയമസഭാകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അതിനു മുൻപ് സിദ്ധരാമയ്യ ഡൽഹിയിലേയ്ക്ക് പോകും. രാജ്യസഭാ സീറ്റ് അടക്കമാണ് സ്ഥാനമൊഴിയുന്നതിന് ബദലായി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരിക്കുന്നത് . ഡികെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെന്നും സൂചനയുണ്ട്.
ചുമതലയൊഴിയുന്നതിനു മുൻപായി സിദ്ധരാമയ്യ സഹപ്രവർത്തകരായ മന്ത്രിമാർക്ക് രാവിലെ വീട്ടിൽ പ്രഭാതഭക്ഷണ വിരുന്നൊരുക്കിയിരുന്നു. അതിനു ശേഷം നടന്ന യോഗത്തിൽ സിദ്ധരാമയ്യ തനിക്ക് നൽകിയ സേവനങ്ങൾക്ക് നന്ദി പറയുകയും, തന്റെ മൂന്ന് വർഷത്തെ കാലയളവ് ചൂണ്ടിക്കാട്ടി റിപ്പോർട്ട് കാർഡ് അവതരിപ്പിക്കുകയും ചെയ്തു.
മന്ത്രിമാരുമായുള്ള യോഗത്തിൽ സിദ്ധരാമയ്യ രാജി സന്നദ്ധത പ്രഖ്യാപിക്കുകയും ഡി കെ ശിവകുമാറിന്റെ പേര് അടുത്ത മുഖ്യമന്ത്രിയായി നിർദേശിക്കുകയും ചെയ്തു. നന്ദി സൂചകമായി ശിവകുമാർ സിദ്ധരാമയ്യയെ ആലിംഗനം ചെയ്യുകയും കാൽ തൊട്ട് വന്ദിക്കുകയും ചെയ്തു .

