ന്യൂഡൽഹി ; തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈയുടെ രാജി ബിജെപി നേതൃത്വം സ്വീകരിച്ചു . ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനാണ് അണ്ണാമലൈയുടെ രാജി ഔദ്യോഗികമായി അംഗീകരിച്ചത് . അണ്ണാമലൈ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതായി ബിജെപി നേതൃത്വം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
ദിവസങ്ങൾക്ക് മുൻപേ തന്നെ അണ്ണാമലൈ പാർട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ജൂൺ 2 ന് ഡൽഹിയിലെത്തിയ അണ്ണാമലൈ ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബീനുമായും, ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായും കൂടിക്കാഴ്ച്ച നടത്തി. അഞ്ച് പേജുള്ള രാജിക്കത്ത് അന്ന് തന്നെ അണ്ണാമലൈ നിതിൻ നബീന് നൽകിയതായും വാർത്തകൾ വന്നിരുന്നു. എന്നാൽ അതിനു പിന്നാലെ അണ്ണാമലൈ ആഭ്യന്തരമന്ത്രി അമിത് ഷായുമായും ചർച്ചകൾ നടത്തി. ഉടനടി രാജിക്കാര്യത്തിൽ തീരുമാനമെടുക്കരുതെന്നും , അണ്ണാമലൈ നടത്താനിരിക്കുന്ന പദയാത്ര ബിജെപി ബാനറിൻ കീഴിൽ നടത്താനും അമിത് ഷാ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ അതിനു പിന്നാലെ ബിജെപിയുടെ നിലവിലെ തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെയും ഉന്നത നേതൃത്വം ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചിരുന്നുവെന്നാണ് സൂചന.
മിഴ്നാട്ടിലെ പാർട്ടിയുടെ രാഷ്ട്രീയ തന്ത്രത്തെച്ചൊല്ലി അണ്ണാമലൈയും ബിജെപിയുടെ കേന്ദ്ര നേതൃത്വവും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾക്ക് പിന്നാലെയാണ് അണ്ണാമലൈയുടെ രാജി . എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിലും, അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ കാര്യത്തിലും അണ്ണാമലൈ അതൃപ്തനാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
സിബിഎസ്ഇ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ത്രിഭാഷാ ഫോർമുല നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അദ്ദേഹം അടുത്തിടെ വിമർശിച്ചിരുന്നു. ഈ നീക്കം തമിഴ്നാട്ടിലെ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2020 ലാണ് ഐപിഎസ് ഓഫീസറായ അണ്ണാമലൈ ബിജെപിയിൽ ചേർന്നത്. 2025 ൽ അദ്ദേഹത്തെ മാറ്റി നൈനാർ രാജേന്ദ്രനെ ബിജെപി അധ്യക്ഷനായി നിയമിച്ചതോടെയണ് അദ്ദേഹം ബിജെപി കേന്ദ്രനേതൃത്വവുമായി ഇടഞ്ഞത്.

