ചെന്നൈ ; കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിൽപ്പെട്ട ഒരാൾക്ക് ജോലി നൽകാനുള്ള ടിവികെ സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം), ആർട്ടിക്കിൾ 16 (സർക്കാർ ജോലിയിലെ അവസര സമത്വം) എന്നിവയുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
സർക്കാരിന്റെ ഇത്തരം നടപടികൾ തൊഴിൽ തേടുന്ന മറ്റുള്ളവർക്ക് തിരിച്ചടിയാണെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് കരൂർ ദുരന്തമുണ്ടായത് . ടിവികെ റാലിയ്ക്കിടെ നടന്ന തിക്കിലും തിരക്കിലും പെട്ടാണ് 41 പേർ മരിച്ചത്. 2025 ഒക്ടോബറിൽ, സുപ്രീം കോടതി ഇക്കാര്യത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ അധികാരത്തിലേറിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിജയ് കരൂർ ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലി നൽകുമെന്ന് അറിയിച്ചത്.
ഈ മാസം ആദ്യം, മുഖ്യമന്ത്രി നേരിട്ട് നിയമന ഉത്തരവുകൾ കൈമാറി. ദുരന്തത്തിനിരയായ കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ, പുനരധിവാസ നടപടികളുടെ ഭാഗമായിരുന്നു ഈ നിയമനങ്ങൾ. മുതിർന്ന എ.ഐ.എ.ഡി.എം.കെ നേതാവ് ആർ.ബി ഉദയകുമാറാണ് ഈ നീക്കത്തിനെതിരെ രംഗത്തെത്തിയത്. സർക്കാർ ജോലി ലഭിക്കാൻ വർഷങ്ങളായി കാത്തിരിക്കുന്ന സാധാരണ കുടുംബങ്ങളിലെ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയെയാണ് സർക്കാരിന്റെ ഈ നീക്കം ബാധിക്കുന്നതെന്ന് ഉദയകുമാർ പറഞ്ഞു.
തമിഴ്നാട്ടിലെ എല്ലാ സർക്കാർ നിയമനങ്ങളും തമിഴ്നാട് പബ്ലിക് സർവീസ് കമ്മീഷൻ വഴി കർശനമായി നടത്തണമെന്നും , രാഷ്ട്രീയ കാരണങ്ങളാൽ നിയമങ്ങൾ ലംഘിച്ച് നഷ്ടപരിഹാരമായി സർക്കാർ ജോലികൾ വാഗ്ദാനം ചെയ്യുന്നത് തെറ്റായ സമീപനമാണെന്നും ഉദയകുമാർ പറഞ്ഞു

