ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് നടത്തിയ റെയ്ഡിൽ വൻ ആയുധ ശേഖരം പിടിച്ചെടുത്തു. സുരക്ഷാ സേനയുടെ കണ്ണ് വെട്ടിച്ച് മാവോയിസ്റ്റുകൾ വനപ്രദേശങ്ങളിൽ ഒളിപ്പിച്ചതാണ് ഈ നൂതന ആയുധങ്ങൾ . കമാൻഡന്റ് ദുഷ്യന്ത് രാജ് ജയ്സ്വാളിന്റെയും സെക്കൻഡ്-ഇൻ-കമാൻഡ് ദീപക് സെംവാളിന്റെയും നേതൃത്വത്തിലുള്ള 57 അംഗ ഐടിബിപി സംഘമാണ് ഈ ഓപ്പറേഷൻ നടത്തിയത്. വനത്തിനുള്ളിലെ നാല് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.
മാർച്ച് 31 നകം രാജ്യത്ത് നിന്ന് മാവോയിസ്റ്റ് സ്വാധീനം ഇല്ലാതാക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ദൗത്യത്തിന്റെ ഭാഗമായി ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ തീവ്രമായ തിരച്ചിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ നീക്കങ്ങൾക്കിടയിൽ ഈ ആയുധങ്ങൾ പിടിച്ചെടുക്കുന്നത് തടയുന്നതിനാണ് ഒളിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടിൽ ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന കോമ്പിംഗ് ഓപ്പറേഷനുശേഷമാണ് നാരായൺപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ഐടിബിപിയുടെ 29 ബറ്റാലിയൻ ഈ ശേഖരം കണ്ടെടുത്തത്.

