ന്യൂഡൽഹി : ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചിയുമായി ടെലിഫോണിൽ ചർച്ച നടത്തി മന്ത്രി എസ്. ജയ്ശങ്കർ. ഇറാനിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തത്.ഇറാൻ അക്രമാസക്തമായ ആഭ്യന്തര പ്രക്ഷോഭത്തെയും അമേരിക്കയിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ഭീഷണികളെയും അഭിമുഖീകരിക്കുന്നുവെന്ന് സെയ്ദ് അബ്ബാസ് ജയ്ശങ്കറിനെ ബോധ്യപ്പെടുത്തിയെന്നാണ് സൂചന.
“ഇറാനിയൻ വിദേശകാര്യ മന്ത്രി @araghchi യിൽ നിന്ന് ഒരു കോൾ ലഭിച്ചു. ഇറാനിലും പരിസരത്തും ഉണ്ടായി കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തു,” എന്ന് ജയ്ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു. എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ ഇറാൻ വിടാൻ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഉത്തരവിട്ടിരുന്നു.അതിനു പിന്നാലെയാണ് സെയ്ദ് അബ്ബാസ് അരഘ്ചിയുമായി ചർച്ച നടത്തിയ വിവരങ്ങളും പുറത്ത് വന്നത്.
ടെഹ്റാനിലെ ഇന്ത്യൻ എംബസി എല്ലാ വിദ്യാർത്ഥികളോടും, തീർത്ഥാടകരോടും, ബിസിനസ്സ് യാത്രക്കാരോടും ലഭ്യമായ ഏതെങ്കിലും വാണിജ്യ മാർഗങ്ങളിലൂടെ രാജ്യം വിടാൻ നിർദ്ദേശിച്ചിട്ടുണ്ട് . ഉടൻ പുറത്തുപോകാൻ കഴിയാത്തവർ വീടിനുള്ളിൽ തന്നെ തുടരാനും, അടിയന്തര എക്സിറ്റിനായി പാസ്പോർട്ടുകളും തിരിച്ചറിയൽ രേഖകളും കൈവശം വയ്ക്കാനും എംബസി നിർദ്ദേശിച്ചു.
അതേസമയം ഇറാനിൽ 2,500-ലധികം പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷകരും അന്താരാഷ്ട്ര നിരീക്ഷകരും കണക്കാക്കുന്നു. നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് എംബസിയുമായോ അവരുടെ കുടുംബങ്ങളുമായോ ബന്ധപ്പെടാനും സാധിക്കാത്ത അവസ്ഥയാണ്.

