ന്യൂഡൽഹി : യുക്രേനിയൻ നഗരമായ സുമിയിലുള്ള ഇന്ത്യയിലെ കുസും ഗ്രൂപ്പിന്റെ പ്രധാന ഫാർമസ്യൂട്ടിക്കൽ പ്ലാന്റ് റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തകർന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്ലാന്റിന്റെ പ്രധാന കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും വലിയൊരു ഭാഗം ഏതാണ്ട് പൂർണ്ണമായും നശിച്ചതായും റിപ്പോർട്ടുണ്ട്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം കൂടിയേക്കാമെന്നും സൂചനയുണ്ട്.
ഡ്രോൺ ആക്രമണത്തിന് ശേഷം പുറത്തുവന്ന വീഡിയോകളിലും ഫോട്ടോകളിലും പ്ലാന്റിന് ചുറ്റും നിന്ന് വലിയ പുക ഉയരുന്നത് കാണാം . നാശനഷ്ടങ്ങളും ആളപായവും അധികൃതർ വിലയിരുത്തിവരികയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധസമയത്തും ഈ പ്ലാന്റ് പ്രവർത്തിച്ചിരുന്നു . പ്രാഥമിക കണക്കുകൾ പ്രകാരം, നഷ്ടം കുറഞ്ഞത് ₹400 കോടി വരെ വരുമെന്നാണ് റിപ്പോർട്ട്.
1994-ലാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ വിതരണക്കാരായി കുസും ഗ്രൂപ്പ് യുക്രെയ്നിൽ ബിസിനസ്സ് ആരംഭിച്ചത് . ആ സമയത്ത്, കമ്പനി ഇന്ത്യയിൽ നിന്ന് യുക്രെയ്നിലേക്ക് മരുന്നുകൾ കയറ്റി അയച്ച് വിതരണം ചെയ്തിരുന്നു . നിലവിൽ, ഇന്ത്യക്കാരനായ രാജീവ് ഗുപ്തയാണ് കമ്പനി നടത്തുന്നത്.
2002-ൽ, കമ്പനി മറ്റ് കമ്പനികളുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് നിർത്തി, സ്വന്തം ബ്രാൻഡ് മരുന്നുകളുടെ വിപണനം ആരംഭിച്ചു. പിന്നാലെയാണ് ഗ്രൂപ്പ് ഫാർമസ്യൂട്ടിക്കൽ നിർമ്മാണ മേഖലയിലേക്ക് പ്രവേശിച്ചത് . 2007-ൽ ഇന്ത്യയിൽ ആദ്യത്തെ നിർമ്മാണ പ്ലാന്റ് ആരംഭിച്ചു, 2009-ൽ സുമിയിൽ ഫാർമസ്യൂട്ടിക്കൽ പ്ലാന്റ് സ്ഥാപിച്ചു. തുടർന്ന്, ഇന്ത്യയിൽ രണ്ട് പ്ലാന്റുകൾ കൂടി തുറന്നു.

