ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് . ഇന്ത്യയുടെ സമീപകാല പ്രസ്താവനകൾ പ്രകോപനപരമാണെന്നും, ഒടുവിൽ ഇന്ത്യ സ്വന്തം വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ മൂടപ്പെടുമെന്നുമാണ് ഖ്വാജ ആസിഫ് പറഞ്ഞത്.
“ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇന്ത്യയുടെ സൈനിക, രാഷ്ട്രീയ നേതാക്കളുടെ സമീപകാല പ്രസ്താവനകൾ . . ആഭ്യന്തര അസംതൃപ്തിയിൽ നിന്നും വിമർശനങ്ങളിൽ നിന്നും പൊതുജനങ്ങളെ വ്യതിചലിപ്പിക്കാൻ ഇന്ത്യൻ സർക്കാർ പിരിമുറുക്കം വർദ്ധിപ്പിക്കുകയാണ് . പാകിസ്ഥാൻ അല്ലാഹുവിന്റെ നാമത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു രാഷ്ട്രമാണ്. നമ്മുടെ സംരക്ഷകർ അല്ലാഹുവിന്റെ സൈനികരാണ്. ഇത്തവണ, ഇൻഷാ അല്ലാഹ്, ഇന്ത്യ അതിന്റെ വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ മൂടപ്പെടും. അല്ലാഹു അക്ബർ.” – എന്നാണ് ഖ്വാജ ആസിഫിന്റെ പ്രസ്താവന.
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ എഫ്-16, ജെ-17 തുടങ്ങിയ 12-13 ഹൈടെക് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി വ്യോമസേനാ മേധാവി എയർ മാർഷൽ അമർ പ്രീത് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങൾ “തമാശ കഥകൾ” മാത്രമാണെന്നും അവ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നാല് ദിവസത്തെ അതിർത്തി കടന്നുള്ള പോരാട്ടത്തിൽ ഇന്ത്യ നിരവധി പാകിസ്ഥാൻ വ്യോമതാവളങ്ങളും സൈനിക സ്ഥാപനങ്ങളും ആക്രമിച്ചുവെന്നും അമേരിക്കൻ എഫ് -16 വിമാനങ്ങളും ചൈനീസ് ജെ -17 വിമാനങ്ങളും ഉൾപ്പെടെ കുറഞ്ഞത് അഞ്ച് ഹൈടെക് യുദ്ധവിമാനങ്ങളും സംവിധാനങ്ങളും നശിപ്പിച്ചതായും എയർ മാർഷൽ സിംഗ് പറഞ്ഞു. ഇതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.

