ധാക്ക : ബംഗ്ലാദേശിൽ മതപരമായ അസഹിഷ്ണുതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ന്യൂനപക്ഷ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. ഗായ്ബന്ധ ജില്ലയിൽ ശ്രീരാമന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ നിർമ്മിക്കുന്നതിനെതിരെ നടന്ന പ്രകടനത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകൾ ശ്രീരാമന്റെ പ്രതിമയെ അവഹേളിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . അതിനു പിന്നാലെയാണ് ഇന്ത്യ പ്രസ്താവന ഇറക്കിയത്.
“ബംഗ്ലാദേശിൽ ഹിന്ദു ദേവതകളുടെ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും അവഹേളിക്കപ്പെട്ട സംഭവങ്ങൾ ഉണ്ടായി. ഇത് പ്രതിഷേധങ്ങൾക്ക് കാരണമായി. ബംഗ്ലാദേശ് സർക്കാർ അവിടെ തീവ്രവാദികളെ അടിച്ചമർത്തുകയും ന്യൂനപക്ഷ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഡൽഹിയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സാഹിദുർ റഹ്മാൻ ധാക്കയിലേയ്ക്ക് മടങ്ങി.സാഹിദുർ റഹ്മാനെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞത് . ഇതിനെത്തുടർന്ന് ബംഗ്ലാദേശ് ഇന്ത്യയ്ക്ക് പ്രതിഷേധം രേഖപ്പെടുത്തി. സുരക്ഷാ കാരണങ്ങളാൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയയാളാണ് സാഹിദുർ റഹ്മാൻ.
“ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ സീനിയർ ഓഫീസർമാരുടെ കമ്മിറ്റിയുടെ 28-ാമത് യോഗത്തിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ജൂൺ 14 ന് സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ വിസയുള്ള വ്യക്തിഗത പാസ്പോർട്ടിൽ ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തു, ബഹുരാഷ്ട്ര യോഗത്തിൽ പങ്കെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ഉദ്ദേശ്യമെന്ന് സ്ഥിരീകരിച്ച ശേഷം രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചു. എന്നാൽ, സ്വന്തം ഇഷ്ടപ്രകാരം ധാക്കയിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചു.” രൺധീർ ജയ്സ്വാൾ പറഞ്ഞു.

