തിരുവനന്തപുരം : സർക്കാരിനെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതം. വീര്യം കുറഞ്ഞ മദ്യം , വീര്യം കുറഞ്ഞ നയം എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ബജറ്റിലെ ഈ പ്രഖ്യാപനം വെറും നികുതി പരിഷ്ക്കരണമെന്ന വാദത്തിൽ ഒതുക്കാനാകില്ലെന്നും പറയുന്നു.ലഹരി വിരുദ്ധ പോരാട്ടത്തിൽ കേരളം കൈകോർത്ത് നിൽക്കുന്ന ഘട്ടത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നതാണെന്നും ലേഖനത്തിൽ പറയുന്നു.
മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കാൻ ഇടയാക്കുന്ന നയവുമായി വിഡി സതീശൻ സർക്കാർ മുന്നോട്ട് വരുന്നത് അത്യന്തം നിർഭാഗ്യകരമാണ്.ഭരണകക്ഷിക്കുള്ളിൽ തന്നെ ആശങ്കയുണ്ട്. ഓപ്പറേഷൻ തൂഫാൻ പോലെയുള്ള ലഹരിയുടെ വേരറുക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നടപടികൾക്കിടെ ഘടകകക്ഷികളെയും, സാമൂഹിക നേതൃത്വങ്ങളെയും ബോധ്യപ്പെടുത്താൻ കഴിയാത്ത നയം ജനങ്ങളിലേയ്ക്ക് അടിച്ചേൽപ്പിക്കുന്നത് രാഷ്ട്രീയ വിവേകമല്ല.
ഇപ്പോൾ പ്രതിപക്ഷം വിമർശിക്കുന്നുണ്ടെങ്കിലും വീര്യം കുറഞ്ഞ മദ്യനയത്തിന്റെ തുടക്കം എൽ ഡി എഫ് സർക്കാരിന്റെ ഭരണകാലത്താണെന്നും ലേഖനം പറയുന്നു. ലഹരി ഉപയോഗം കുറയ്ക്കുമെന്ന് പ്രഖ്യാപനങ്ങളേക്കാൾ ഖജനാവ് നിറയ്ക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന വിമർശനവും ശക്തമാണ്. ജനങ്ങളുടെ ആശങ്കകൾ കേൾക്കാനും, തെറ്റായ തീരുമാനം തിരുത്താനുമുള്ള ആർജവമാണ് ഒരു സർക്കാരിന്റെ ശക്തി.
എന്നാൽ നന്മകളെയും, ദീർഘവീക്ഷണ കാഴ്ച്ചപ്പാടുകളെയും നശിപ്പിക്കുന്നതാണ് മദ്യസംസ്ക്കാരത്തിലേയ്ക്ക് തള്ളി വിടുനൻ തീരുമാനങ്ങൾ. ജനവികാരവും , സാമൂഹിക ഉത്തരവാദിത്വവും മാനിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു.

