ന്യൂഡൽഹി: ഇറാനിൽ അക്രമങ്ങൾ വർധിക്കുന്നതിനിടെ ടെഹ്റാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ വിമാനങ്ങൾ സജ്ജമാക്കാൻ നീക്കം. ഇറാനിൽ ഏത് നിമിഷവും യുദ്ധസാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത് . ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതമായി മടക്കി എത്തിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ പാസ്പോർട്ടുകൾ, വിസകൾ, തിരിച്ചറിയൽ രേഖകൾ, മറ്റ് പ്രധാന രേഖകൾ എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാം തയ്യാറാക്കി സൂക്ഷിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ ഇറാനിലെ ഇന്ത്യൻ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെടാനും ഉടൻ തന്നെ അവരെ അറിയിക്കാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ പ്രത്യേക വിമാനങ്ങളോ മറ്റ് ക്രമീകരണങ്ങളോ ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ വിദ്യാർത്ഥികൾ, തൊഴിലാളികൾ, ബിസിനസുകാർ തുടങ്ങിയ നിലകളിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ ഇവിടെയുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. സ്ഥിതിഗതികൾ വഷളായതോടെ ഇറാൻ വ്യോമാതിർത്തി അടച്ചുപൂട്ടിയിരുന്നു. ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം ഉൾപ്പെടെ നിരവധി വിമാനങ്ങളെ ഇത് ബാധിച്ചു.

