തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷ പോറ്റിയെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . ഐഷ പോറ്റി വർഗവഞ്ചകയാണെന്നും, അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായുള്ള അസുഖമായിരുന്നു അവർക്കെന്നുമാണ് എം വി ഗോവിന്ദൻ പറയുന്നത്.തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യവേയാണ് തിരുവനന്തപുരത്ത് എം.വി. ഗോവിന്ദൻ ഈ പരാമർശം നടത്തിയത്.
‘ ഐഷ പോറ്റി ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ല. അതിനായി അവർ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. ആ അസുഖം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. അധികാരത്തിന്റെ അസുഖം അവരെ അലട്ടുകയായിരുന്നു. കേരളത്തിൽ അത്ഭുതങ്ങളൊന്നും സംഭവിക്കാൻ പോകുന്നില്ല. അത്ഭുതങ്ങൾ സൃഷ്ടിക്കാൻ വി ഡി സതീശൻ വൃദ്ധരെ അന്വേഷിക്കുകയാണ്. എൽഡിഎഫ് അത്ഭുതങ്ങൾ സൃഷ്ടിച്ച് മൂന്നാം തവണയും അധികാരത്തിൽ വരും,’ എം വി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെ ലോക് ഭവനു മുന്നിൽ കോൺഗ്രസ് നടത്തിയ രാപ്പകൽ പ്രതിഷേധത്തിനിടെയാണ് ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പമാണ് അവർ എത്തിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അവർക്ക് അംഗത്വം നൽകി. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാലും ദീപദാസ് മുൻഷിയും ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് ഐഷ പോറ്റി മത്സരിക്കുമെന്ന് സൂചനയുണ്ട്.

