പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ റിമാൻഡ് ചെയ്തു. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിച്ചതിനാൽ, രാഹുലിനെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിൽ ഹാജരാക്കി. അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിക്കാത്തതിനെ തുടർന്ന് കോടതി രാഹുലിനെ റിമാൻഡ് ചെയ്തു.
രാഹുലിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ഇതിനുമുമ്പ്, വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാഹുലിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വിശദമായ വാദങ്ങൾ നാളെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കും. അഭിഭാഷകൻ ശാസ്തമംഗലം അജിത്ത് രാഹുലിന് വേണ്ടി കോടതിയിൽ ഹാജരാകും.
കേസ് കെട്ടിച്ചമച്ചതാണെന്നും കേസിൽ ബലാത്സംഗ കുറ്റം നിലവിലില്ലെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിൽ ശരിയായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞിരുന്നു.

