കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച വിചാരണ കോടതിയെ അപമാനിക്കുന്ന തരത്തിൽ മാധ്യമങ്ങളോട് പരാമർശം നടത്തിയ മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജിനെതിരെ അന്വേഷണം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് പോലീസിന് നിർദ്ദേശം നൽകിയത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ 8 നാണ് എറണാകുളം സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. വിധിക്ക് ശേഷം, ചാൾസ് ജോർജ് എറണാകുളം ജില്ലാ കോടതി സമുച്ചയത്തിന് മുന്നിൽ മാധ്യമങ്ങളോട് സംസാരിച്ചു. ജഡ്ജിയെയും കോടതിയെയും അപമാനിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനകൾ . അഭിഭാഷകനായ പി.ജെ പോൾസൺ നൽകിയ പരാതിയിലാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്.
വിധി പറഞ്ഞ ദിവസം താൻ കോടതിയിൽ ഉണ്ടായിരുന്നുവെന്ന് ജോർജ് അവകാശപ്പെട്ടിരുന്നു. വിധി പക്ഷപാതപരമായിരുന്നു, പ്രതി കോടതിയിൽ പ്രവേശിക്കുമ്പോൾ ജഡ്ജി ബഹുമാനത്തോടെ എഴുന്നേറ്റു നിൽക്കാറുണ്ടായിരുന്നു , വിധി “അന്യായമായിരുന്നു” , യഥാർത്ഥ പ്രതി രക്ഷപ്പെട്ടുവെന്നുമാണ് ജോർജ് തന്റെ പരാമർശത്തിൽ പറഞ്ഞത്. പൊതുജനങ്ങളെ പ്രകോപിപ്പിക്കാനും ജുഡീഷ്യറിയുടെ അന്തസ്സ് തകർക്കാനും മനഃപൂർവ്വം ഈ ആരോപണങ്ങൾ ഉന്നയിച്ചതാണെന്നും പരാതിയിൽ പറയുന്നു.
ചാൾസ് ജോർജ് മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ അടങ്ങിയ യുഎസ്ബി ഫ്ലാഷ് ഡ്രൈവും പരാതിക്കാരൻ സമർപ്പിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറെയും സെൻട്രൽ പോലീസ് സ്റ്റേഷനെയും നേരത്തെ സമീപിച്ചിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും തുടർന്ന് കോടതിയെ സമീപിച്ചതായും പരാതിക്കാരൻ കോടതിയെ അറിയിച്ചു.

