ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ വോട്ട് മോഷണത്തിൽ ഒത്തുകളിച്ചെന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയങ്ങളെ ന്യായീകരിക്കാൻ ‘ വോട്ട് ചോരി ‘ എന്ന വിഷയത്തെ കോൺഗ്രസ് ഉപയോഗിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ, യമുനാ നദി ശുചീകരിക്കുന്നതിനായുള്ള 8,941 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലും പഞ്ചാബിലും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി നടത്തുന്ന ഭരണത്തെയും അമിത് ഷാ വിമർശിച്ചു.
“ബിജെപി തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നു, അതിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ട്. അതുകൊണ്ടാണ് അവർ വോട്ട് മോഷണം എന്ന ന്യായവുമായി വരുന്നത്. നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് രാഹുൽ വോട്ട് മോഷണത്തെക്കുറിച്ച് സംസാരിക്കുന്നത്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെ പല സംസ്ഥാനങ്ങളിലും ബിജെപി തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിരുന്നു .ആ സമയത്തും കോൺഗ്രസ് പല സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി അധികാരത്തിന് പുറത്താണ്. മോദി പ്രധാനമന്ത്രിയായതിന് ശേഷമാണോ കോൺഗ്രസിന് തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടാൻ തുടങ്ങിയത് ?
ബിജെപി 30 വർഷം അധികാരത്തിൽ തുടരുമെന്ന് ഞാൻ പറയുമ്പോൾ, ഞങ്ങൾ വോട്ട് മോഷ്ടിക്കുന്നുവെന്ന് അവർ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങൾ അമിത് ഷായ്ക്ക് എങ്ങനെ മുൻകൂട്ടി അറിയാം എന്നാണ് അവർ ചോദിക്കുന്നത്. അമിത് ഷാ ജനിച്ചത് ഇവിടെയാണ്, ജീവിക്കുന്നത് ഇവിടെയാണ്, മരിക്കുന്നതും ഇവിടെത്തന്നെയായിരിക്കും. എനിക്ക് ഓരോ ആറു മാസത്തിലും വിദേശത്തേക്ക് പോകേണ്ട. ഞാൻ ഈ രാജ്യത്തെ ജനങ്ങൾക്കിടയിലാണ് ജീവിക്കുന്നത്.
കോടതി വിധികൾ നിങ്ങൾക്ക് അനുകൂലമാകുമ്പോൾ നിങ്ങൾ അതിനെ നീതിയുക്തമെന്ന് വിളിക്കുന്നു, എന്നാൽ അവ നിങ്ങൾക്ക് എതിരാകുമ്പോൾ നിങ്ങൾ അതിനെ ചോദ്യം ചെയ്യുന്നു. ഇത്തരം ഇരട്ടത്താപ്പുകൾ വിലപ്പോവില്ല, രാഹുൽ ജി.രാഷ്ട്രീയ തന്ത്രങ്ങളിലൂടെയും ജനക്കൂട്ടത്തെ ഉപയോഗിച്ചുള്ള സമ്മർദ്ദത്തിലൂടെയും നിങ്ങൾക്ക് ജനവിധി അട്ടിമറിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക എന്നത് പ്രതിഷേധങ്ങളും ധർണകളും നടത്തുന്നതിലൂടെ മാത്രം സാധ്യമാകുന്ന ഒന്നല്ല“ എന്നും അമിത് ഷാ പറഞ്ഞു.

