ക്വീൻസ്ലാൻഡ്: തുടർച്ചയായ രണ്ടാം ജയത്തോടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിൽ അപരാജിത ലീഡ് നേടി ഇന്ത്യ. മഴ മൂലം ഉപേക്ഷിച്ച ഒന്നാം മത്സരത്തിന് ശേഷം രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയാണ് ജയിച്ചത്. എന്നാൽ മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളിൽ ആതിഥേയരെ കീഴടക്കി ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തി. അവസാന മത്സരം നവംബർ 8ന് ഗാബയിൽ നടക്കും.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ അഭിഷേക് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 56 റൺസിന്റെ മികച്ച തുടക്കമാണ് നൽകിയത്. ഗിൽ 46 റൺസും ശർമ്മ 28 റൺസും നേടി. എന്നാൽ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഓസീസ് ബൗളർമാർ ഇന്ത്യൻ സ്കോർ 8ന് 167ൽ ഒതുക്കി. 3 വിക്കറ്റുകൾ വീതം വീഴ്ത്തിയ നഥാൻ എല്ലിസും ആദം സാമ്പയും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്സിനെ നിയന്ത്രിച്ച് നിർത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്കും, ക്യാപ്ടൻ മിച്ചൽ മാർഷും മാത്യു ഷേർട്ടും ചേർന്ന് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. എന്നാൽ സ്പിന്നർമാർ നന്നായി പന്തെറിയാൻ തുടങ്ങിയതോടെ ഓസീസ് ബാറ്റിംഗ് നിര സമ്മർദ്ദത്തിലായി. സാഹചര്യം കൃത്യമായി മുതലെടുത്ത ഇന്ത്യൻ ബൗളർമാർ ലക്ഷ്യബോധത്തോടെ പന്തെറിഞ്ഞതോടെ കങ്കാരുക്കളുടെ പോരാട്ടം 18.2 ഓവറിൽ 119 റൺസിൽ അവസാനിച്ചു.
30 റൺസെടുത്ത മാർഷ് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. 3 വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറും 2 വിക്കറ്റുകൾ വീതം വീഴ്ത്തിയ അക്ഷർ പട്ടേലും ശിവം ദുബെയുമായിരുന്നു ഓസ്ട്രേലിയയുടെ അന്തകർ. അർഷ്ദീപ് സിംഗിനും ബൂമ്രക്കും വരുൺ ചക്രവർത്തിക്കും ഓരോ വിക്കറ്റ് ലഭിച്ചു.

