ന്യൂഡൽഹി : കോൺഗ്രസ് നേതാവ് പ്രിയങ്ക വദ്രയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടി കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിൽ സമാനതകൾ പറഞ്ഞാണ് ഇമ്രാൻ മസൂദിന്റെ പ്രസ്താവന.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ബിജെപി വിമർശിക്കുന്നതിനിടെയാണ് മസൂദ്, പ്രിയങ്കയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കാണുന്നതിൽ തെറ്റൊന്നുമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത് . പ്രിയങ്കയുടെ നേതൃത്വഗുണങ്ങളും, പ്രതികരണങ്ങളും ഇന്ദിരാഗാന്ധിയുടെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ഇമ്രാൻ മസൂദ് പറഞ്ഞു.
അതേസമയം പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് രാഷ്ട്രീയത്തിൽ ശോഭനമായ ഭാവിയുണ്ടെന്നും ആളുകൾ അവരെ ഉന്നത സ്ഥാനത്ത് കാണാൻ ആഗ്രഹിക്കുന്ന ഒരു കാലം വരുമെന്നും ഭർത്താവ് റോബർട്ട് വാദ്ര പറഞ്ഞു.
“പ്രിയങ്ക മുത്തശ്ശി ഇന്ദിരാഗാന്ധി, അച്ഛൻ രാജീവ് , സോണിയ ജി, സഹോദരൻ രാഹുൽ ഗാന്ധി എന്നിവരിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ആളുകൾ അവരെ അഭിനന്ദിക്കുന്നു. അവർ സംസാരിക്കുമ്പോൾ, അവർ ഹൃദയത്തിൽ നിന്നാണ് സംസാരിക്കുന്നത്. കേൾക്കേണ്ട വിഷയങ്ങളെക്കുറിച്ച് അവർ സംസാരിക്കുകയും അവയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു .
രാഷ്ട്രീയത്തിൽ അവർക്ക് ശോഭനമായ ഒരു ഭാവിയുണ്ടെന്നും ഈ രാജ്യത്ത് അടിസ്ഥാനപരമായി ആവശ്യമുള്ളത് മാറ്റുന്നതിൽ അവർക്ക് ശോഭനമായ ഒരു ഭാവിയുണ്ടെന്നും ഞാൻ കരുതുന്നു. അത് അവരുടെ ആശയങ്ങൾ മാത്രമല്ല, എല്ലാവരുടെയും സമ്മതം മനസ്സിൽ വെച്ചാണ്. ഇത് കാലക്രമേണ സംഭവിക്കുമെന്ന് ഞാൻ കരുതുന്നു, അത് അനിവാര്യമാണ്,” അദ്ദേഹം പറഞ്ഞു

