കൊൽക്കത്ത ; ബംഗ്ലാദേശിൽ ആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദു യുവാവായ ദിപു ദാസിന്റെ കുടുംബത്തിന് പ്രതിമാസ ധനസഹായം നൽകുമെന്ന് ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി .
സ്ഥിരമായി സാമ്പത്തിക സഹായം നൽകുന്നത് സംബന്ധിച്ച് ദീപു ദാസിന്റെ കുടുംബവുമായി നേരിട്ട് സംസാരിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. “ഞങ്ങൾ ദീപു ദാസിന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രതിമാസ സാമ്പത്തിക സഹായം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തീരുമാനിക്കാൻ നാളെ അവരുമായി സംസാരിക്കും” അദ്ദേഹം പറഞ്ഞു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഈ സഹായം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ, സുവേന്ദു അധികാരിയും ബിജെപി നേതാക്കളും അനുയായികളും ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷന് പുറത്ത് വൻ പ്രതിഷേധ പ്രകടനം നടത്തി. നിസാം കൊട്ടാരം മുതൽ ബെക്ബഗൻ വരെ നീണ്ടുനിന്ന റാലിയിൽ ഏകദേശം 2,000 പ്രതിഷേധക്കാർ പങ്കെടുത്തു.കൊൽക്കത്തയിലും ബിജെപി പ്രതിഷേധ പ്രകടനം നടത്തി , ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസിന്റെ കോലവും കത്തിച്ചു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഡിസംബർ 26 ന് 10,000 പേരെ പങ്കെടുപ്പിച്ച് മറ്റൊരു പ്രകടനം നടത്തുമെന്ന് സുവേന്ദു അധികാരി മുന്നറിയിപ്പ് നൽകി. ഡിസംബർ 24 ന് പശ്ചിമ ബംഗാളിലുടനീളമുള്ള ഹിന്ദു സംഘടനകൾ റോഡുകൾ ഉപരോധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഡിസംബർ 18-ന് രാത്രിയാണ് മൈമെൻസിങ്ങിൽ വെച്ച് ദിപു ദാസിനെ മർദ്ദിച്ചു കൊലപ്പെടുത്തി മൃതദേഹം , മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചത് .

