ബെംഗളൂരു : നടി രണ്യ റാവു ഉൾപ്പെട്ടത് വൻ സ്വർണ്ണക്കടത്ത് റാക്കറ്റിലാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് . റാക്കറ്റിൽ ഉൾപ്പെട്ടിരുന്ന സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസിന്റെ സഹായത്തോടെയാണ് അവർ വിമാനത്താവളങ്ങളിലൂടെ കടന്നുപോയതെന്നും കേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കോടതിയെ അറിയിച്ചു.
മാർച്ച് 3 ന് ബെംഗളൂരുവിലെ കെമ്പെഗൗഡ വിമാനത്താവളത്തിൽ നിന്നാണ് 14 കിലോ സ്വർണ്ണവുമായി നടി രണ്യ റാവു അറസ്റ്റിലായത് . താരത്തിന്റെ ജാമ്യത്തെ എതിർത്ത ഡിആർഐ, വിമാനത്താവളത്തിൽ നിന്ന് അവരെ പുറത്തേക്ക് കൊണ്ടുപോയത് സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസാണെന്നും വ്യക്തമാക്കി . പുറത്തുകടക്കുന്നതിന് ഒന്നോ രണ്ടോ നിമിഷങ്ങൾക്ക് മാത്രം മുൻപാണ് അവർ പിടിക്കപ്പെട്ടത്.
സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസിന്റെ സഹായത്തോടെ രണ്യ റാവു ഇമിഗ്രേഷനും ഗ്രീൻ ചാനലും കടന്നുപോയെന്നും വകുപ്പിന് ഇതിൽ പങ്കുണ്ടെന്നും ഡിആർഐ പറഞ്ഞു.
“ഗ്രീൻ ചാനൽ കടന്നപ്പോൾ ഞങ്ങൾ (ഡിആർഐ) അവിടെ തടഞ്ഞു. രണ്യ എന്താണ് കൊണ്ടുപോകുന്നതെന്ന് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല . ഞങ്ങൾ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ മൊഴിയുമെടുത്തു , “ ഡിആർഐ അഭിഭാഷകൻ പറഞ്ഞു.ഹവാല വഴി വൻതോതിൽ പണം കൈമാറിയതായും അതിനെ പറ്റി അന്വേഷണം നടത്തുന്നുണ്ടെന്നും ഏജൻസി വ്യക്തമാക്കി.