ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിൽ പത്ത് വർഷത്തെ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ. മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ 2024 ഡിസംബർ 31 നകം ഇന്ത്യയിലെത്തിയ അഭയാർത്ഥികൾക്ക് അപേക്ഷിക്കാം. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർക്കാണ് ഈ ഇളവ് ലഭിക്കുക. ഇവർക്ക് അംഗങ്ങൾക്ക് പാസ്പോർട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ രാജ്യത്ത് തുടരാൻ അനുവാദമുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.
ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട്, 2025 സംബന്ധിച്ച് മന്ത്രാലയം പുറപ്പെടുവിച്ച നിരവധി ഉത്തരവുകളിൽ ഒന്നാണിത്. തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന പൗരത്വ ഭേദഗതി നിയമം അനുസരിച്ച് (സിഎഎ) പൗരത്വം നേടുന്നതിനായി അപേക്ഷിക്കാൻ കഴിയുന്നത് 2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിൽ വന്നവർക്ക് മാത്രമായിരുന്നു. ഇതാണ് ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്.
2014 ന് ശേഷം ഇന്ത്യയിലേക്ക് വന്ന പ്രത്യേകിച്ച് പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കൾക്ക്, അടക്കം വലിയൊരു വിഭാഗം ആളുകൾക്ക് ഇത് ആശ്വാസം പകരും.അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർ മതപരമായ പീഡനം മൂലമോ മതപരമായ പീഡനം ഭയന്നോ ഇന്ത്യയിൽ അഭയം തേടേണ്ടിവന്നവരും 2024 ഡിസംബർ 31-നോ അതിനുമുമ്പോ സാധുവായ രേഖകളില്ലാതെയോ കാലഹരണപ്പെട്ട രേഖകളോടെയോ രാജ്യത്ത് പ്രവേശിച്ചവരും ഈ ഉത്തരവിന്റെ പരിധിയിൽ വരും.
നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും, രണ്ട് അയൽ രാജ്യങ്ങളിൽ നിന്ന് കരമാർഗ്ഗമോ വ്യോമമാർഗ്ഗമോ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ഇന്ത്യക്കാർക്കും മുമ്പത്തെപ്പോലെ പാസ്പോർട്ടോ വിസയോ നൽകേണ്ടതില്ല.

