ന്യൂഡൽഹി ; ഗുരുതരമായ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് 30 ദിവസം ജയിൽ ശിക്ഷ പൂർത്തിയാക്കിയ പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിമാരെയോ നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്ലുകൾക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . ഈ നീക്കം രാജ്യത്തെ മധ്യകാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതായി തോന്നുന്നുവെന്നും രാഹുൽ പറയുന്നു.
‘ രാജാവിന് ആരെയും സ്വന്തം ഇഷ്ടപ്രകാരം പുറത്താക്കാൻ കഴിയും. അല്ലെങ്കിൽ ആരുടെയെങ്കിലും മുഖം ഇഷ്ടപ്പെട്ടില്ലെങ്കിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെക്കൊണ്ട് അവരെ അറസ്റ്റ് ചെയ്യിപ്പിക്കാൻ അദ്ദേഹത്തിന് കഴിയും. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരാളെ 30 ദിവസത്തിനുള്ളിൽ പുറത്താക്കാനും കഴിയും. ഭരണഘടനയെ ആക്രമിക്കുന്നവരും അതിനെ പ്രതിരോധിക്കുന്നവരും തമ്മിൽ ഒരു യുദ്ധം നടക്കുകയാണ്. മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ഏകപക്ഷീയമായി അറസ്റ്റ് ചെയ്തുകൊണ്ട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ സർക്കാർ ഇത് ഉപയോഗിക്കും ‘ – രാഹുൽ പറയുന്നു.
നിയമനിർമ്മാണത്തിനെതിരായ പ്രതിഷേധസൂചകമായി കറുത്ത ടീ-ഷർട്ട് ധരിച്ചാണ് രാഹുൽ എത്തിയത്. ബില്ലുകൾ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.”ഈ ബിൽ ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ ലംഘിക്കുന്നു. അമിത് ഷാ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അപ്പോൾ അദ്ദേഹം ധാർമ്മികത ഉയർത്തിപ്പിടിച്ചോ?” എന്നും വേണുഗോപാൽ ചോദിച്ചു.
അതേസമയം ചോദ്യമുന്നയിച്ച വേണുഗോപാലിനോട് അമിത് ഷാ പൊട്ടിത്തെറിച്ചിരുന്നു. ധാർമികതയെ കുറിച്ച് തന്നെ പഠിപ്പിക്കേണ്ടെന്നും , വ്യാജമായിട്ട് പോലും തനിക്കെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ രാജിവച്ചയാളാണ് താനാണെന്നും അമിത് ഷാ പറഞ്ഞു.

