റായ്പൂർ : തോക്കുകളേന്തി ജനങ്ങളിൽ ഭീതി പടർത്തിയ ചില മുഖങ്ങൾ തലയുയർത്തി ആത്മവിശ്വാസത്തോടെ ഫാഷൻ ഷോയിലെ താരങ്ങളായി .
ഛത്തീസ്ഗഢിലെ റായ്പൂരിൽ നടന്ന ആദിവാസി ഫാഷൻ ഷോയിലാണ് ബസ്തറിൽ നിന്നുള്ള ഒരു കൂട്ടം മുൻ നക്സൽ സ്ത്രീകൾ പ്രത്യക്ഷപ്പെട്ടത് . ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി, വനങ്ങളിലെ ഇരുണ്ട ജീവിതത്തിൽ നിന്ന് കയ്യടിയുടെയും, അംഗീകാരത്തിന്റെയും ലോകത്തേക്ക് ചുവടുവെക്കാനുള്ള അവസരമാണ് ഇവർക്ക് നൽകിയത്.
ആത്മവിശ്വാസത്തോടെ വേദിയിലൂടെ നടന്നെത്തിയവരെ കാണികൾ ആർപ്പുവിളിയോടെയാണ് വരവേറ്റത്. നക്സൽ ജീവിതത്തിൽ നിന്ന് കീഴടങ്ങി മുഖ്യധാരാ സമൂഹത്തിലേക്ക് മടങ്ങിയതിനുശേഷം അവരുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ പലരും അമ്പരപ്പോടെയാണ് നോക്കി കണ്ടത്.
ഒരുകാലത്ത് സായുധ സംഘങ്ങളിൽ അംഗമായിരുന്ന ഇവരിൽ പലരും ഇന്ന് സമൂഹത്തിലെ സാധാരണക്കാരുമായി ഇടപഴകിയാണ് ജീവിക്കുന്നത്. അവരെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ സർക്കാരും പല സംരംഭങ്ങളും ആരംഭിച്ചിരുന്നു.

