ഡബ്ലിൻ: അയർലൻഡിൽ ആഞ്ഞുവീശി ബൊയ്ലോ ചുഴലിക്കാറ്റ്. നിരവധി വീടുകളിൽ വൈദ്യുതി തടസ്സം ഉണ്ടായി. കാറ്റിനെ തുടർന്ന് 20,000 ഓളം വീടുകളും ബിസിനസ് സ്ഥാപനങ്ങളുമാണ് ഇരുട്ടിലായത്. ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും തകരാർ ഉണ്ടായതാണ് വൈദ്യുതി തടസ്സത്തിന് കാരണം ആയത്.
രാത്രിയിലുടനീളം അതിശക്തമായ കാറ്റും മഴയും ആയിരുന്നു അയർലൻഡിൽ അനുഭവപ്പെട്ടത്. പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇഎസ്ബി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കാറ്റിനെ തുടർന്ന് രാജ്യത്തുടനീളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് കണക്കാക്കിവരികയാണെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് പലയിടങ്ങളിലും ഗതാഗത കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്.

