ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഏക മന്ത്രിയാണ് അസ്ഹറുദ്ദീൻ
നവംബർ 11 ന് നടക്കുന്ന ജൂബിലി ഹിൽസ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സർക്കാരിന്റെ ഈ നീക്കമെന്ന് തെലങ്കാനയിലെ പ്രതിപക്ഷം ആരോപിച്ചു. അസ്ഹറുദ്ദീൻ നിലവിൽ നിയമസഭയിൽ അംഗമല്ല.
ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ ഏകദേശം 30 ശതമാനം മുസ്ലീം ജനസംഖ്യയുണ്ട്. അസ്ഹറിന്റെ മന്ത്രിസഭാ പ്രവേശനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. ഇതുസംബന്ധിച്ച് അവർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. ഇത് ഔദ്യോഗിക അധികാര ദുരുപയോഗമാണെന്നും ബിജെപി ആരോപിച്ചു.
അതേസമയം, സാമൂഹിക നീതിക്കു വേണ്ടിയാണ് തങ്ങളുടെ നീക്കമെന്ന് കോൺഗ്രസ് വാദിക്കുന്നു. ‘മന്ത്രിസഭയിൽ ന്യൂനപക്ഷങ്ങൾക്ക് പ്രാതിനിധ്യം നൽകുന്നതിൽ കോൺഗ്രസ് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ആന്ധ്രാപ്രദേശിലെ മുൻ സർക്കാരിലും ന്യൂനപക്ഷ മുഖങ്ങൾ ഉൾപ്പെടുത്തിയിരുന്നു. തെലങ്കാനയിൽ വളരെക്കാലമായി നിലനിന്നിരുന്ന അസന്തുലിതാവസ്ഥ ഞങ്ങൾ പരിഹരിക്കുകയാണ്,’ തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് മഹേഷ് ഗൗഡ് പറഞ്ഞു.
അസറുദ്ദീനെ നിയമസഭാ കൗൺസിൽ അംഗമാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, ഗവർണർ അതിൽ ഒപ്പിട്ടിട്ടില്ല. അതിനാൽ, ആറ് മാസത്തിനുള്ളിൽ അസറുദ്ദീൻ നിയമസഭയിൽ വിജയിക്കേണ്ടിവരും.

