ശ്രീനഗർ : ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 5 പേർ മരിച്ചു . 17 പേർക്ക് പരിക്ക് . മുഹമ്മദ് അഷ്റഫ് (35), മങ്കട വാനി (51), ആട്ട മുഹമ്മദ് (33), താലിബ് ഹുസൈൻ (35), റഫീക്ക ബീഗം (60) എന്നിവരാണ് മരിച്ചത്.
പോണ്ടയ്ക്കടുത്തുള്ള ദോഡ-ഭർത്ത് റോഡിലെ വളവിലാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരിൽ അഞ്ച് വയസ്സുകാരി ഉസ്മ ജാൻ എന്ന പെൺകുട്ടിയെ ജമ്മുവിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
‘ വാഹനം പൂർണ്ണമായും ലോഡായിരുന്നു. ടെമ്പോയ്ക്ക് എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല. വലിയ ശബ്ദമുണ്ടായിരുന്നു. അപകടത്തിന് ശേഷം ഞങ്ങൾ ബോധരഹിതരായി. ആളുകളാണ് ഞങ്ങളെ ആശുപത്രിയിലെത്തിച്ചത്.‘ – അപകടത്തിൽ പരിക്കേറ്റ പർവേസ് പറഞ്ഞു.
അപകടം നടന്നയുടൻ നാട്ടുകാർ ഓടി രക്ഷാപ്രവർത്തനം ആരംഭിച്ചു . പിന്നീടാണ് പോലീസും മറ്റ് സുരക്ഷാ ഏജൻസികളും എത്തിയത്.
ദോഡയിലുണ്ടായ അപകടത്തിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ദുഃഖം രേഖപ്പെടുത്തി. “ദോഡയിലുണ്ടായ ദാരുണമായ റോഡപകടത്തിൽ ജീവഹാനിയും സ്വത്തും നഷ്ടപ്പെട്ടതിൽ ഞാൻ ദുഃഖം രേഖപ്പെടുത്തുന്നു . ദുഃഖിതരായ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു” ലെഫ്റ്റനന്റ് ഗവർണർ പറഞ്ഞു.
അതേസമയം, അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ ദോഡ ഡെപ്യൂട്ടി കമ്മീഷണർ ഹർവീന്ദർ സിങ്ങുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും വൈദ്യസഹായവും നൽകിവരുന്നു. മുഴുവൻ പ്രക്രിയയും ഡിസി വ്യക്തിപരമായി നിരീക്ഷിക്കുകയും അപ്ഡേറ്റുകൾ നൽകുകയും ചെയ്യുന്നു. ആവശ്യാനുസരണം കൂടുതൽ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

