കൊച്ചി : അറസ്റ്റ് ഒഴിവാക്കാൻ സംവിധായകൻ രഞ്ജിത്തിനെ സഹായിച്ചവരെ കൂടി കേസിൽ ഉൾപ്പെടുത്തി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സംഭവം നടന്ന കാരവാൻ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാരവനിൽ സിസിടിവി ഇല്ലാത്തതിനാൽ, സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ അന്വേഷണ സംഘം ശ്രമം ആരംഭിച്ചു.
നടൻ ബോബി കുര്യനെയും സഹസംവിധായിക ശാലിനിയെയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. അറസ്റ്റ് ഒഴിവാക്കാൻ രഞ്ജിത്തിന് അവരുടെ സഹായം ലഭിച്ചതായി എസ്ഐടി സംശയിക്കുന്നുണ്ട് . രണ്ട് അവധി ദിവസങ്ങൾ വരുന്നതിനാൽ ജാമ്യം ലഭിക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് അറിഞ്ഞുകൊണ്ട് രഞ്ജിത്ത് അറസ്റ്റ് ഒഴിവാക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘം പറഞ്ഞു.
സംവിധായകനെ ഒളിവിൽ പോകാൻ ബോബിയും ശാലിനിയും സഹായിച്ചതായി പോലീസ് നിഗമനം. കേസുമായി ബന്ധപ്പെട്ട സംഭവം ജനുവരി 19 നാണ് നടന്നത്. രഞ്ജിത്ത് നിലവിൽ 15 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് രഞ്ജിത്ത് ആരോപണങ്ങൾ നിഷേധിച്ചു. ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടിയാണ് കോടതി ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചേർത്താണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാൻ കാരണമാകുമെന്നും പോലീസ് കോടതിയിൽ വാദിച്ചു.

