അമരാവതി: ആന്ധ്രാപ്രദേശിലെ മരേഡുമില്ലിയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ് ഇന്റലിജൻസ് എഡിജി മഹേഷ് ചന്ദ്ര ലദ്ദയാണ് ഇക്കാര്യം അറിയിച്ചത്. മാവോയിസ്റ്റ് തലവൻ മാദ്വി ഹിദ്മയെ ഏറ്റുമുട്ടലിൽ വധിച്ചതിന് പിന്നാലെയാണിത്.
മരിച്ചവരിൽ ഒരാൾ ശ്രീകാകുളം സ്വദേശിയായ ശങ്കർ (മേതുരി ജോഖ റാവു) ആണെന്ന് തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ആന്ധ്ര-ഒഡീഷ അതിർത്തി മേഖലയിൽ ശങ്കർ സജീവമായിരുന്നു. ആയുധങ്ങൾ നിർമ്മിക്കുന്നതിലും വൈദഗ്ധ്യമുണ്ടായിരുന്നു.
ഇന്നലത്തെ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന മുതിർന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് എന്നറിയപ്പെടുന്ന മാദ്വി ഹിദ്മയെ (44) വധിച്ചത്. തലയ്ക്ക് 50 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന ഭീകരനായിരുന്നു മാദ്വി ഹിദ്മ. സാധാരണക്കാർക്കും സുരക്ഷാ സേനയ്ക്കുമെതിരെ 26 ആക്രമണങ്ങളിൽ ഹിദ്മ ഉൾപ്പെട്ടിരുന്നു.
മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന സിആർപിഎഫ് ഉദ്യോഗസ്ഥരായിരുന്നു ഇയാളുടെ പ്രധാന ലക്ഷ്യം. നേരത്തെ നടന്ന ഒരു ഏറ്റുമുട്ടലിൽ, സുരക്ഷാ സേന കൊലപ്പെടുത്തിയ അഞ്ച് മാവോയിസ്റ്റുകളിൽ ഹിഡ്മയുടെ ഭാര്യയും മാവോയിസ്റ്റ് മൊബൈൽ പൊളിറ്റിക്കൽ സ്കൂൾ മേധാവിയുമായ മഡകം രാജെയും ഉൾപ്പെടുന്നു.
വിവിധ ജില്ലകളിൽ നിന്നായി ഏകദേശം 50 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തതായും ആന്ധ്രാപ്രദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അറസ്റ്റാണിതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത മാർച്ചോടെ രാജ്യം മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ നിന്ന് മുക്തമാകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

