ന്യൂഡൽഹി : വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അടുത്തിടെയാണ് പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി രംഗത്തെത്തിയത് . ഇതിന്റെ ഭാഗമായി കോൺഗ്രസ് ബീഹാറിൽ വോട്ടർ അവകാശ യാത്രയും നടത്തുന്നുണ്ട്. എന്നാൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ വ്യാജപ്രചാരണമാണെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ ഒരു പത്രസമ്മേളനം നടത്തിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഈ പത്രസമ്മേളനത്തെക്കുറിച്ച് വോട്ട് വൈബ് അടുത്തിടെ നടത്തിയ സർവേ റിപ്പോർട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഈ സർവേയിൽ, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ 34 ശതമാനം ആളുകൾ പൂർണ്ണമായും തള്ളിക്കളഞ്ഞു . അതേസമയം 28 ശതമാനം ആളുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ ഉത്തരം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നാണ് പറയുന്നത്.
സർവേ പ്രകാരം, 18 ശതമാനം ആളുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. അതേസമയം, 20 ശതമാനം പേർ അഭിപ്രായം തുറന്ന് പറയാനില്ലെന്നാണ് പറഞ്ഞത് . 34 ശതമാനം ആളുകൾ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ അനുകൂലിക്കുന്നത്, മൊത്തം 46 ശതമാനം ആളുകൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒട്ടും തൃപ്തരല്ല അല്ലെങ്കിൽ പൂർണ്ണമായും അനുകൂലിക്കുന്നില്ല എന്നും വ്യക്തമാക്കി.
സി വോട്ടർ അടുത്തിടെ ഈ വിഷയത്തിൽ ഒരു സർവേ നടത്തിയിരുന്നു. ഇതിൽ 59 ശതമാനം ആളുകൾ തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളോട് യോജിച്ചു, 34 ശതമാനം ആളുകൾ തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ചു. രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം നൽകുമെന്ന് 67 ശതമാനം ആളുകൾ വിശ്വസിക്കുന്നു. 13 ശതമാനം പേർ ഇതിനോട് യോജിക്കുന്നില്ലെന്നും സർവ്വെയിൽ പറഞ്ഞു.

