കൊച്ചി : മാസപ്പടി കേസിൽ പിണറായി വിജയനും, മകളും ജയിലിൽ പോകുമെന്ന് ഹർജിക്കാരനായ ഷോൺ ജോർജ്. ഇന്ന് ഇഡി നടത്തുന്ന നീക്കങ്ങൾ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ മൂന്നാം പ്രതിയാണ്. കേസിലെ ഇഡി അന്വേഷണത്തിന് ഉണ്ടായിരുനൻ സ്റ്റേ ഇന്നലെ കോടതി നീക്കിയതാണ് ഇന്നത്തെ റെയ്ഡിന് കാരണം .
ഡൽഹി, കേരള ഹൈക്കോടതികളിൽ നിന്ന് സ്റ്റേ വാങ്ങിയാണ് നേരത്തെ കേസ് അന്വേഷണം തടസപ്പെടുത്തിയിരുന്നത് . സീരിയസ് ഫ്രോഡ് ഇൻ വെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടത്തി റിപ്പോർട്ടും നൽകിയിട്ടുണ്ട്. കമ്പനി നിയമങ്ങൾ ലംഘിച്ച് യാതൊരു സേവനങ്ങളും നൽകാതെയാണ് വീണയുടെ കമ്പനി സി എം ആർ എല്ലിൽ നിന്നും പണം കൈപ്പറ്റിയിരുന്നതെന്നും ഷോൺ പറഞ്ഞു.
രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടട്ടെ. പണം കട്ടിട്ടുണ്ടെങ്കിൽ മോദി ഭരിക്കുന്ന ഭാരതത്തിൽ പേടിക്കുക തന്നെ വേണം . ഇതിലും വലിയ മുഖ്യമന്ത്രിമാരെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തിട്ടുണ്ട് . പിന്നെയാണോ പിണറായി എന്നും ഷോൺ ജോർജ് പറഞ്ഞു.
അതേസമയം ഇഡി റെയ്ഡിൽ പരിഹാസവുമായി പി സി ജോർജും രംഗത്തെത്തി. ‘ ഒരു കരണത്തടിക്കുന്നവന് മറു കരണം കൂടി കാട്ടി കൊടുക്കണം എന്നു പഠിപ്പിക്കുന്ന പുതിയ നിയമത്തേക്കാൾ എനിക്ക് ഇഷ്ടം കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്നു പഠിപ്പിക്കുന്ന പഴയ നിയമമാണ്. വിജയനും കുടുംബത്തിനും ആശംസകൾ ‘ എന്നാണ് പിസി ജോർജിന്റെ വാക്കുകൾ.

