തിരുവനന്തപുരം ; പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ നടക്കുന്ന ഇഡി റെയ്ഡിനെതിരെ പ്രതിഷേധവുമായി സിപിഎം . പിണറായി വിജയന്റെ വസതിയിൽ ഇഡിയെ ഉപയോഗിച്ച് നടത്തുന്ന റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും ., ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കിയ ചരിത്രം ഈ പ്രസ്ഥാനത്തിനില്ലെന്നുമാണ് സിപിഎം പ്രസ്താവനയിൽ പറയുന്നത് .
‘ ഡീലുണ്ടാക്കിയവരേ… ആളും പ്രസ്ഥാനവും മാറിപ്പോയെന്നേ നിങ്ങളോട് പറയാനുള്ളു. ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കിയ ചരിത്രം ഈ പ്രസ്ഥാനത്തിനില്ലെന്നും നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇഡിയെ ഉപയോഗിച്ച് നടത്തുന്ന റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. പിണറായിയെയും ഈ പ്രസ്ഥാനത്തെയും കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണിത്. ഇതിനെതിരായി കേരളം പ്രതിഷേധിക്കുകയാണ്. ‘ എന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.
ഇന്ന് രാവിലെ ആറ് മണീയോടെയാണ് പിണറായി വിജയന്റെ വീട്ടിലും , മരുമകനും എം എൽ എ യുമായ മുഹമ്മദ് റിയാസിന്റെയും വീട്ടിൽ ഇ ഡി റെയ്ഡ് ആരംഭിച്ചത് .എക്സാലോജിക്- സിം എം ആർ എൽ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന . പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും, തിരുവനന്തപുരത്തെ വാടക വീട്ടിലുമാണ് പരിശോധന .
ഇന്നലെയാണ് ഇഡി അന്വേഷണത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളിയത് . തൊട്ടുപിന്നാലെ മേൽക്കോടതിയെ സമീപിക്കാൻ ഹർജിക്കാർ രണ്ടാഴ്ച്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇഡി അതിനെ എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനായാലും രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം വെള്ളിയാഴ്ച്ച മാത്രമേ സാധിക്കൂ . അതാണ് ഇഡിയ്ക്ക് പിടിവള്ളിയായത് . എങ്കിലും ഇന്നലെ കോടതി ഉത്തരവ് വന്നതിനു പിന്നാലെ ഇന്ന് ഇത്തരമൊരു റെയ്ഡ് പിണറായി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സൂചന .

