ന്യൂഡൽഹി : ചെങ്കോട്ട സ്ഫോടനത്തിലെ ചാവേർ ബോംബർ ഡോ. ഉമർ മുഹമ്മദിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് . ലോകമെമ്പാടുമുള്ള ചാവേർ ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ട് ഉമർ ഉൻ നബി രണ്ട് മാസം മുമ്പ് ചില ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്ക് വച്ചതാണ് ഈ വീഡിയോ.
“ചാവേർ ബോംബിംഗ് എന്നത് വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ആശയമാണ്. മരണം അനിവാര്യമാണെന്ന് അറിഞ്ഞതിന് ശേഷമാണ് ഒരാൾ ചാവേർ ബോംബറായി മാറുന്നത്. ഇസ്ലാമിലെ രക്തസാക്ഷിത്വമാണിത്. ഇപ്പോൾ, ഈ ആശയത്തിനെതിരെ എതിർ വാദങ്ങളും ഉയർന്നുവരുന്നു. ഒരു രക്തസാക്ഷി എവിടെ, എപ്പോൾ മരിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല. അത് സംഭവിക്കുമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ, അത് സംഭവിക്കും. മരണത്തെ ഭയപ്പെടരുത്,” ഉമർ വീഡിയോയിൽ പറഞ്ഞു. ഒരു മിനിറ്റും 20 സെക്കൻഡും ദൈർഘ്യമുള്ളതാണ് വീഡിയോ . ഉമർ ഇംഗ്ലീഷിലാണ് ഇതിൽ സംസാരിക്കുന്നത്.
ഹോസ്റ്റൽ മുറിയിൽ നിന്ന് ഉമർ നബി വീഡിയോ റെക്കോർഡുചെയ്തതാണിതെന്നാണ് സൂചന . വീഡിയോയിൽ നിന്ന് ഉമർ ചാവേർ ബോംബാക്രമണത്തെ അനുകൂലിച്ചിരുന്നുവെന്ന് വ്യക്തമാണ്. വീഡിയോയിലുടനീളം ഉമറിന്റെ പെരുമാറ്റം ശാന്തമാണ് . അതേസമയം ക്രൂരമായ ചാവേർ ആക്രമണത്തെ ന്യായീകരിക്കുകയും ചെയ്യുന്നു. സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുമ്പോൾ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതായിരിക്കാമെന്ന ഊഹാപോഹത്തെയും നിരാകരിക്കുന്നതാണ് ഈ വീഡിയോ .

