ന്യൂഡൽഹി : 18 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ് . ഈ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ സഹായിച്ച 8 ഇന്ത്യക്കാരും അറസ്റ്റിലായിട്ടുണ്ട്. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് രേഖകൾ ശരിയാക്കി നൽകുകയും അവർക്ക് ജോലി നൽകുകയും ചെയ്തവരാണ് പിടിയിലായത് . ഇപ്പോൾ ഡൽഹിയിൽ നിന്നും അസമിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
വ്യാജ രേഖകളുടെ സഹായത്തോടെയാണ് ഈ ബംഗ്ലാദേശികൾ ഇന്ത്യയിൽ താമസിച്ചിരുന്നത്. ഇവരെ ഇന്ത്യയിൽ താമസിപ്പിക്കാനുള്ള പദ്ധതി ഇന്ത്യക്കാർ ചെയ്തുകൊണ്ടിരുന്നു. മുഹമ്മദ് മൊയ്നുദ്ദീനാണ് സംഘത്തിൻ്റെ തലവൻ. ഡൽഹിയിലെ അമീർ ഖുസ്രോ നഗറിൽ കമ്പ്യൂട്ടർ കടയുണ്ടായിരുന്ന ഇയാൾ അതിലൂടെ ബംഗ്ലാദേശികൾക്കായി വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുക്കുകയായിരുന്നു.
സുൽഫിക്കർ അൻസാരി, ഡൽഹിയിലെ പുൽ പ്രഹ്ലാദ്പൂരിൽ നിന്നുള്ള ഫർമാൻ ഖാൻ, യുപിയിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള ജാവേദ് എന്നിവരാണ് ഈ റാക്കറ്റിൽ പിടിയിലായതെന്ന് ഡൽഹി പോലീസ് ഡിസിപി അങ്കിത് ചൗഹാൻ പറഞ്ഞു. സുൽഫിക്കർ, ഫർമാൻ, ജാവേദ് എന്നിവർ വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കി. മൊയ്നുദ്ദീൻ നിർമ്മിച്ച വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇവർ ബംഗ്ലാദേശികളുടെ ആധാർ കാർഡ് ഉണ്ടാക്കിയത്.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് 23 വോട്ടർ കാർഡുകൾ, 19 പാൻ കാർഡുകൾ, 17 ആധാർ കാർഡുകൾ, 11 ജനന സർട്ടിഫിക്കറ്റുകൾ, ആറ് പ്ലെയിൻ വോട്ടർ കാർഡുകൾ എന്നിവ ഡൽഹി പോലീസ് പിടിച്ചെടുത്തു.