സന: യെമൻ പൗരന്റെ വധക്കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി . നിമിഷ പ്രിയ ഉടൻ മോചിപ്പിക്കപ്പെടുമെന്ന പ്രചാരണവും അബ്ദുൽ ഫത്താഹ് മഹ്ദി നിഷേധിച്ചു. നിമിഷ പ്രിയയെ മോചിപ്പിക്കില്ലെന്നും അവരുടെ വധശിക്ഷ ഉടൻ നടപ്പിലാക്കുമെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അവകാശവാദവുമായി സുവിശേഷകന് ഡോ. കെ.എ പോള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ശക്തമായ ശ്രമത്തിനൊടുവില്‍ വധശിക്ഷ റദ്ദാക്കിയെന്നാണ് അവകാശവാദം. എന്നാൽ ഇത് വ്യാജമാണെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കിയിരുന്നു.
മാത്രമല്ല തങ്ങളുമായി ബന്ധപ്പെട്ടുവെന്നും, സംസാരിച്ചെന്നുമുള്ള കാന്തപുരത്തിന്റെ പ്രസ്താവനകളും മഹ്ദി തള്ളി. കാന്തപുരവുമായി സംസാരിച്ചതായോ ഞങ്ങളുമായി ചർച്ച നടത്തിയതായോ അവകാശപ്പെടുന്നവർക്ക് “ഞങ്ങളുമായി യാതൊരു ബന്ധവുമില്ല” എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുൾ ഫത്താഹ് പ്രഖ്യാപിച്ചു. “ഞങ്ങൾ ഒരു സമയത്തും സ്ഥലത്തും അവരെ ബന്ധപ്പെടുകയോ കാണുകയോ ചെയ്തിട്ടില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2017 ൽ യെമൻ പൗരനായ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചു. വിധി നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വധശിക്ഷ മാറ്റിവച്ചു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകി മാപ്പ് സ്വീകരിക്കുക എന്നതായിരുന്നു . എന്നാൽ തലാലിന്റെ കുടുംബം വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

