കോർക്ക്: കൗണ്ടി കോർക്കിലെ മാലോവിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ബാലിഷീഹാന് സമീപം എൻ 73 ൽ ആയിരുന്നു അപകടം ഉണ്ടായത്. എതിരെ വന്ന രണ്ട് കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഒരു വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവറായ 30 കാരന്റെ പരിക്കുകളാണ് സാരമുള്ളത്. ഇയാൾ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. കാറുകളിലൊന്നിൽ ഒരാളും മറ്റേതിൽ അഞ്ച് പേരുമാണ് ഉണ്ടായിരുന്നത്. സംഭവത്തിന്റെ വിശദാംശങ്ങൾക്കായി ഗാർഡ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സം അനുഭവപ്പെട്ടു.

