ഭുവനേശ്വർ : സാധുവായ യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ച മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് ബംഗ്ലാദേശി പൗരന്മാർക്ക് ഭുവനേശ്വറിലെ കോടതി രണ്ട് വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. 10,000 രൂപ പിഴയും പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ മൂന്ന് മാസം കൂടി തടവും കൂടി വിധിച്ചിട്ടുണ്ട്.
എംഡി ഹാസിം (46), സാജിബ് ഖാൻ എന്ന എംഡി സാജിബ് (24), അല്ലം ഷൈക (41), എംഡി അസീം (40), ദിലാര ഷെയ്ഖ് എന്ന അൽതാഫ് (45), എംഡി സോഹ താലുക്ദാർ (36), കരിമ ബീഗം (25), മോണിറ ബീഗം (30), സഹന ബീഗം (45) എന്നിവർക്കാണ് ജയിൽ ശിക്ഷ വിധിച്ചത് . മൈമെൻസിങ്, ബാഗർഹട്ട്, പിറോജ്പൂർ, ധാക്ക എന്നീ ബംഗ്ലാദേശി ജില്ലകളിൽ നിന്നുള്ള ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഈ സംഘത്തിലുണ്ട്.
ആറ് സാക്ഷികളുടെ മൊഴികളും പിന്തുണയ്ക്കുന്ന ഡോക്യുമെന്ററി രേഖകളും ഉൾപ്പെടെ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പരിശോധിച്ചതിന് ശേഷമാണ് ഭുവനേശ്വറിലെ സബ്-ഡിവിഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് (എസ്ഡിജെഎം) കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 1946 ലെ വിദേശ നിയമത്തിലെ സെക്ഷൻ 14 പ്രകാരമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്.
ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ഇവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ക്രൈം ബ്രാഞ്ച്) സാർത്തക് സാരംഗി പറഞ്ഞു. ഇന്ത്യയിൽ നിയമവിരുദ്ധമായി പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും ശിക്ഷകൾ നിർദ്ദേശിക്കുന്ന വിദേശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് വ്യക്തികൾക്ക് ശിക്ഷ വിധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അസമിലെ ധുബ്രി ജില്ലയ്ക്ക് സമീപമുള്ള ഏജന്റിന്റെ സഹായത്തോടെ സംഘം ഇന്ത്യൻ അതിർത്തി കടന്നു . പിന്നീട് ട്രെയിനിൽ ഒഡീഷയിലേക്ക് എത്തുകയായിരുന്നു. 2025 മാർച്ച് 8 ന് ദിബ്രുഗഡ്-ചെന്നൈ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ വെച്ച് എസ്ടിഎഫ് ഉദ്യോഗസ്ഥർ ഒമ്പത് പേരെയും പിടികൂടുകയായിരുന്നു . രേഖകളില്ലാത്ത വിദേശ പൗരന്മാരുടെ നീക്കത്തെക്കുറിച്ചുള്ള പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ അവർ നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ചതായും ഭുവനേശ്വറിൽ താമസിച്ചിരുന്നതായും കണ്ടെത്തി. ഏഴ് മൊബൈൽ ഫോണുകളും ബംഗ്ലാദേശി കറൻസിയും പോലീസ് അവരുടെ കൈവശം നിന്ന് പിടിച്ചെടുത്തു.

