ബെയ്ജിംഗ് : ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടിൻ്റെ നിർമ്മാണത്തിന് ചൈന അനുമതി നൽകി. ടിബറ്റൻ പീഠഭൂമിയുടെ കിഴക്കൻ ഭാഗത്താണ് ചൈന തങ്ങളുടെ മോഹ പദ്ധതി ആരംഭിക്കാൻ പോകുന്നത്. ഇത് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചേക്കാം.
2020-ൽ ചൈനയിലെ പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ നൽകിയ വിവരമനുസരിച്ച്, യർലുങ് സാങ്ബോ നദിയുടെ താഴ് ഭാഗത്തായി നിർമ്മിക്കുന്ന ഈ അണക്കെട്ടിന് പ്രതിവർഷം 300 ബില്യൺ കെ.ഡബ്ല്യു.എച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാകും.
നിലവിൽ, സെൻട്രൽ ചൈനയിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ത്രീ ഗോർജസ് അണക്കെട്ടിന് 88.2 ബില്യൺ കെഡബ്ല്യുഎച്ച് ശേഷിയുണ്ട്, അതായത് ചൈനയുടെ പുതിയ അണക്കെട്ടിൻ്റെ ശേഷി ഇതിൻ്റെ 3 മടങ്ങ് കൂടുതലായിരിക്കും.ചൈനയുടെ കാർബൺ പീക്കിംഗ്, കാർബൺ ന്യൂട്രാലിറ്റി എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ടിബറ്റിൽ എഞ്ചിനീയറിംഗ് പോലുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നാണ് സൂചന .
മൂവായിരം കോടി രൂപ ചെലവിലാണ് അണക്കെട്ട് നിർമിക്കുന്നത്.അണക്കെട്ട് മൂലം കുടിയിറക്കപ്പെടുന്ന 14 ലക്ഷം ആളുകളെ പുനരധിവസിപ്പിക്കുന്നതിനുള്ള പണവും ഇതിൽ ഉൾപ്പെടുന്നു. ടിബറ്റിലെ ഈ പദ്ധതി മൂലം എത്ര പേർ കുടിയിറക്കപ്പെടുമെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയും ബംഗ്ലാദേശും ഈ അണക്കെട്ടിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഈ പദ്ധതി പ്രാദേശിക പരിസ്ഥിതിയെ മാത്രമല്ല, നദിയുടെ ഒഴുക്കിനെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.യാര്‍ലുങ് സാങ്പോ ടിബറ്റില്‍ നിന്ന് തെക്കോട്ട് ഒഴുകി ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, അസം സംസ്ഥാനങ്ങളിലൂടെ കടന്ന് ഒടുവില്‍ ബംഗ്ലാദേശില്‍ എത്തുന്നു. ഇന്ത്യയില്‍ എത്തുമ്പോള്‍ യാര്‍ലുങ് സാങ്പോ ബ്രഹ്മപുത്ര നദി എന്ന പേരിലാണ് അറിയപ്പെടുന്നത്.