അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ചേതേശ്വർ പുജാര. പരിമിത ഓവർ ക്രിക്കറ്റിന്റെ അതിപ്രസരവും ടി20 ലീഗുകളുടെ താരപ്പൊലിമയും വിഴുങ്ങിയ സമകാലിക ക്രിക്കറ്റിൽ, തന്റെ റോൾ ഏറെക്കുറെ പൂർത്തിയായി എന്ന സ്വയം ബോദ്ധ്യത്തിൽ നിന്നാവാം, വർത്തമാനകാല ക്രിക്കറ്റിലെ മികച്ച പ്രതിരോധക്കോട്ടകളിൽ ഒരാൾ എന്ന വിളിപ്പേരുള്ള പുജാര തന്റെ മുപ്പത്തിയേഴാം വയസ്സിൽ കളം വിടാൻ തീരുമാനിച്ചത്. ഞായറാഴ്ച സാമൂഹിക മാധ്യമം വഴിയായിരുന്നു പുജാരയുടെ വിരമിക്കൽ പ്രഖ്യാപനം.
ഇന്ത്യൻ ജേഴ്സിയും ധരിച്ച് ദേശീയഗാനവും പാടി മൈതാനത്ത് ഇറങ്ങി കഴിവിന്റെ പരമാവധി പുറത്തെടുക്കുക, വാക്കുകൾക്ക് അതീതമായ അനുഭവമായിരുന്നു ആ കാലമെന്ന് പുജാര വിരമിക്കൽ കുറിപ്പിൽ എഴുതി. എല്ലാവരും പറയുന്നത് പോലെ, എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനം ഉണ്ടായിരിക്കണം. എല്ലാവരോടും തികഞ്ഞ കൃതജ്ഞതയോടെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും പടിയിറങ്ങുന്നത്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. പുജാര കുറിച്ചു.
2023 ജൂണിൽ ഓസ്ട്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആയിരുന്നു പുജാര ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്. 2010 ഒക്ടോബറിൽ ആരംഭിച്ച അന്താരാഷ്ട്ര കരിയറിൽ 103 ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചത്.
തന്റെ പ്രിയപ്പെട്ട മേഖലയായ ടെസ്റ്റിലായിരുന്നു അദ്ദേഹം ഏറ്റവും നന്നായി തിളങ്ങിയത്. 43.60 ശരാശരിയിൽ 7195 റൺസാണ് ടെസ്റ്റിൽ അദ്ദേഹത്തിന്റെ സമ്പാദ്യം. ഇന്ത്യയുടെ വന്മതിൽ എന്ന് അറിയപ്പെടുന്ന ഇതിഹാസ താരം രാഹുൽ ദ്രാവിഡിന്റെ ടെസ്റ്റിലെ പകരക്കാരൻ എന്ന വിശേഷണത്തോടെ, മൂന്നാം നമ്പറിൽ ആയിരുന്നു പുജാര ടീമിലെത്തിയത്. ആ സ്ഥാനം ഏറെക്കുറെ വിശ്വസ്തതയോടെ കാത്ത് സൂക്ഷിച്ച അദ്ദേഹം 19 സെഞ്ച്വറികളും 35 അർദ്ധ സെഞ്ച്വറികളും സ്വന്തം പേരിൽ കുറിച്ചു.
അഫ്ഗാനിസ്ഥാൻ ഒഴികെയുള്ള എല്ലാ ടെസ്റ്റ് പദവിയുള്ള ടീമുകൾക്കെതിരെയും അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും അഞ്ച് വീതം സെഞ്ച്വറികളും ശ്രീലങ്കയ്ക്കെതിരെ നാല് സെഞ്ച്വറികളും നേടി.
2010ൽ ഓസ്ട്രേലിയക്കെതിരെ ബംഗലൂരുവിലായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. ഓസീസിനെതിരായ ഇന്ത്യയുടെ പിൽക്കാലത്തെ മിക്ക പരമ്പര വിജയങ്ങളിലും പുജാരയുടെ പ്രകടനം നിർണ്ണായകമായിരുന്നു. 2018-19 സീസണിലും 2020-21 സീസണിലും ഓസ്ട്രേലിയയിലും, 2023 സീസണിൽ ഇന്ത്യയിലും നടന്ന പരമ്പരകളിലെ പ്രകടനങ്ങൾ എടുത്ത് പറയേണ്ടവയാണ്. 2018-19 സീസണിൽ ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയം നേടുമ്പോൾ പുജാരയായിരുന്നു പരമ്പരയിലെ താരം. നാല് മത്സരങ്ങളിൽ നിന്നും 521 റൺസ് ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ സമ്പാദ്യം.
2005 ഡിസംബറിൽ സൗരാഷ്ട്രക്ക് വേണ്ടി ആയിരുന്നു ചേതേശ്വർ പുജാരയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം. 2024-25 രഞ്ജി സീസണിലും അദ്ദേഹം കളിച്ചിരുന്നു. പിന്നീട് ഇംഗ്ലീഷ് കൗണ്ടി ടീമായ സസക്സിന് വേണ്ടി കളത്തിലിറങ്ങി.
2013 ഓഗസ്റ്റ് മുതൽ 2014 ജൂൺ വരെയുള്ള കാലയളവിൽ കളിച്ച അഞ്ച് ഏകദിന മത്സരങ്ങളിൽ നിന്നും 51 റൺസാണ് പുജാരയുടെ സമ്പാദ്യം. ഐപിഎല്ലിൽ 2010 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, 2011-13 കാലയളവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, 2014ൽ കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളുടെ ഭാഗമായി. 2021ൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലെ അവസാന ഏകദിന മത്സരം 2023 ഡിസംബറിലും ട്വന്റി 20 മത്സരം 2022 നവംബറിലുമായിരുന്നു.
പോയകാലങ്ങളുടെ ക്രിക്കറ്റ് സമവാക്യങ്ങൾക്ക് അനുയോജ്യനായ ഒരു ആദ്യാവസാന കോപ്പിബുക്ക് ബാറ്റ്സ്മാൻ ആയിരുന്നു ചേതേശ്വർ പുജാര. ടെസ്റ്റ് ക്രിക്കറ്റിന്റെ ക്ലാസിക്ക് ശൈലിക്ക് വേണ്ടി വാർത്തെടുത്ത ഒരു സമ്പൂർണ്ണ ബാറ്റ്സ്മാൻ. ഏകദിനങ്ങൾക്ക് പുറമേ ട്വന്റി 20 മത്സരങ്ങളും ഐപിഎൽ പോലെയുള്ള ലീഗുകളും അരങ്ങ് വാഴുന്ന ഇക്കാലത്ത്, എത്രയൊക്കെ വീണ്ടെടുക്കൽ ശ്രമങ്ങൾ നടന്നാലും, ടെസ്റ്റ് ക്രിക്കറ്റ് എന്ന ക്ലാസിക് ഗെയിം വെല്ലുവിളികൾ നേരിടുന്നുവോ എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങൾക്കും സംവാദങ്ങൾക്കുമുള്ള വാതായനങ്ങൾ തുറന്നിടുന്ന ഒരു നിശ്ശബ്ദ വിപ്ലവമായി വായിച്ചെടുക്കപ്പെടുകയാണ് ചേതേശ്വർ അരവിന്ദ് പുജാര എന്ന അക്ഷോഭ്യനായ പോരാളിയുടെ പടിയിറക്കം.

