കൊൽക്കത്ത: വഖഫ് ബില്ലിനെതിരായ പ്രതിഷേധം കലാപമായി മാറിയ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ കേന്ദ്ര സായുധ പോലീസ് സേനയെ വിന്യസിക്കാൻ ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി . ജനക്കൂട്ടം നടത്തുന്ന കലാപം അവഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഈ നിർദ്ദേശം മുർഷിദാബാദിൽ മാത്രം പരിമിതപ്പെടുത്തില്ലെന്നും ആവശ്യമെങ്കിൽ സമാനമായ സാഹചര്യം നേരിടുന്ന മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കണമെന്നും കോടതി പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും സാധാരണ നില പുനഃസ്ഥാപിക്കാനും കേന്ദ്രസേനയെ ഉടൻ വിന്യസിക്കും.
“പശ്ചിമ ബംഗാളിലെ ഏതാനും ജില്ലകളിലെ നശീകരണ പ്രവർത്തനങ്ങൾ പ്രഥമദൃഷ്ട്യാ കാണിക്കുന്ന വിവിധ റിപ്പോർട്ടുകൾക്കെതിരെ ഞങ്ങൾക്ക് കണ്ണടയ്ക്കാൻ കഴിയില്ല,” ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു.മുർഷിദാബാദിനു പുറമെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ അംതല, ഹൂഗ്ലിയിലെ ചാംപ്ദാനി എന്നിവിടങ്ങളിൽ ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്ര സായുധ സേനയെ നേരത്തെ വിന്യസിച്ചിരുന്നെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകില്ലായിരുന്നു, മതിയായ നടപടികൾ യഥാസമയം സ്വീകരിച്ചില്ല . സ്ഥിതിഗതികൾ ഗുരുതരവും അസ്ഥിരവുമാണ് . നിരപരാധികളായ പൗരന്മാർക്കെതിരെ അതിക്രമങ്ങൾ കാട്ടുന്നവരെ യുദ്ധകാലാടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു.
പൗരന്മാരെ സംരക്ഷിക്കുക എന്നത് കോടതിയുടെ കടമയാണെന്നും ബെഞ്ച് വ്യക്തമാക്കി. ഓരോ വ്യക്തിക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഓരോ പൗരൻ്റെയും ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.
മുർഷിദാബാദിലെ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമവുമായി ബന്ധപ്പെട്ട് 138 ലധികം പേർ അറസ്റ്റിലായി.ജില്ലയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സമർപ്പിച്ച ഹർജി അടിയന്തരമായി കേൾക്കാൻ ജസ്റ്റിസുമാരായ സൗമൻ സെൻ, രാജാ ബസു ചൗധരി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ചീഫ് ജസ്റ്റിസ് രൂപീകരിച്ചിരുന്നു .അടിയന്തര സാഹചര്യം പരിഗണിച്ച് ശനിയാഴ്ച കോടതി അവധിയിലാണ് ബെഞ്ച് ഹർജി പരിഗണിച്ചത്.