മുംബൈ : മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മേയറായി റിതു തവ്ഡെയെ നാമനിർദ്ദേശം ചെയ്യാൻ ബിജെപി . ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് ശേഷം, നഗരത്തിലെ അടുത്ത മേയറെ നിയമിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പാർട്ടി ഔദ്യോഗികമായി പൂർത്തിയാക്കിക്കഴിഞ്ഞു.
മുതിർന്ന പാർട്ടി നേതാവായ റിതു തവ്ഡെ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ശിവസേന നേതാവ് സഞ്ജയ് ശങ്കർ ഘഡിയെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് സഖ്യത്തിന്റെ നോമിനിയായി തിരഞ്ഞെടുത്തു.ബിഎംസി കമ്മീഷണറും അഡ്മിനിസ്ട്രേറ്ററുമായ ഭൂഷൺ ഗഗാറാണിയുടെ മേൽനോട്ടത്തിലുള്ള നാമനിർദ്ദേശ പ്രക്രിയ ഇന്ന് രാവിലെ ഔദ്യോഗികമായി ആരംഭിച്ചു. മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും.
ഘാട്കോപ്പറിൽ നിന്ന് തുടർച്ചയായ മൂന്നാം തവണയാണ് കൗൺസിലറായി റിതു താവ്ഡെ തിരഞ്ഞെടുക്കപ്പെട്ടത് . മുമ്പ് അവർ ബിഎംസിയുടെ വിദ്യാഭ്യാസ കമ്മിറ്റിയുടെ ചെയർപേഴ്സണായിരുന്നു. നിലവിൽ അവർ മഹാരാഷ്ട്ര പ്രദേശ് മഹിളാ മോർച്ചയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. മറാത്ത സമുദായത്തിൽ നിന്നുള്ളയാളാണെങ്കിലും, ഗുജറാത്തികൾ കൂടുതലുള്ള വാർഡിലാണ് റിതു ശക്തമായ അടിത്തറ സ്ഥാപിച്ചത് . 2012 ലാണ് റിതു കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. അതിനുശേഷം, പാർട്ടിക്കുള്ളിൽ അവരുടെ നില ക്രമാനുഗതമായി വളർന്നു.

