ന്യൂഡൽഹി : പാരീസിൽ നിന്ന് മടങ്ങിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചതായി ആം ആദ്മി പാർട്ടി . ‘ഉന്നതങ്ങളിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ്’ തങ്ങൾ നേരിടുന്നതെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥർ, ഭഗവന്ത് മാന് 50,000 രൂപ പിഴയും ചുമത്തിയതായും ആം ആദ്മി പാർട്ടി നേതൃത്വം പറഞ്ഞു .
മാനിനെ മനഃപൂർവം അപമാനിക്കാനും പഞ്ചാബിന്റെ പുരോഗതിക്ക് തടസ്സങ്ങൾ സൃഷ്ടിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നാണ് എഎപിയുടെ ആരോപണം . മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾക്ക് രാഷ്ട്രീയ അനുമതി തുടർച്ചയായി നിഷേധിക്കുന്നതിന്റെ ഭാഗമാണിതെന്നും പാർട്ടി പറയുന്നു. ലഗേജ് വരാനുണ്ടെന്നും അത് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞാണ് മാനിനെ വിമാനത്താവളത്തിൽ കാത്തിരിക്കാൻ നിർബന്ധിച്ചതെന്ന് പഞ്ചാബിലെ എഎപി മീഡിയ ഇൻ-ചാർജ് ബൽതേജ് പന്നു ആരോപിച്ചു.
“പാരീസിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ മാനിനെ മനഃപൂർവം മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചു. ‘നിങ്ങളുടെ ലഗേജ് വരാനുണ്ട്’, ‘ലഗേജ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്’ എന്നിങ്ങനെ പല ഒഴികഴിവുകളും അവർ പറഞ്ഞു,” പന്നു പ്രസ്താവനയിൽ പറഞ്ഞു. ലഗേജ് വാഹനത്തിൽ കയറ്റി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സമീപിച്ചതെന്നും പന്നു ആരോപിച്ചു.
“മൂന്ന് മണിക്കൂറിന് ശേഷം, പുറപ്പെടാൻ അനുമതി ലഭിച്ച് ലഗേജ് വാഹനത്തിൽ വെച്ച ഉടൻ തന്നെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് പിന്നാലെ ഓടിയെത്തി. ഉന്നതങ്ങളിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ട് എന്നാണ് അവർ പറഞ്ഞത് ” എന്നും പന്നു പറഞ്ഞു . പഞ്ചാബിലെ ഉൽപ്പന്നങ്ങളെ പ്രൊമോട്ട് ചെയ്യുന്നതിനായി പാരീസിലേക്ക് പോയ മാനിനെ വിമാനത്താവളത്തിൽ കാത്തിരിക്കാൻ ഇടയാക്കിയെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജും ആരോപിച്ചു. യാത്രയ്ക്കുള്ള രാഷ്ട്രീയ അനുമതി നിഷേധിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തതിന് ശേഷമാണ് മുഖ്യമന്ത്രി ഈ സന്ദർശനം നടത്തിയതെന്ന് ഭരദ്വാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
“മാൻ സാഹിബിനെ ഇന്ത്യൻ വിമാനത്താവളത്തിൽ ഏകദേശം 3 മണിക്കൂറോളം തടഞ്ഞുവെച്ചു. പഞ്ചാബിലെ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പാരീസിലേക്ക് പോയത്. യാത്രയ്ക്കുള്ള അനുമതി നിഷേധിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തതിന് പിന്നാലെയാണിത് സംഭവിച്ചത്. കേന്ദ്രത്തിന്റെ ഈ ധാർഷ്ട്യം അവസാനിക്കണം. രാവണന്റെ അഹങ്കാരം പോലും ദസറ നാളിൽ അവസാനിച്ചതാണ് . ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇതുപോലെ വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചിട്ടുണ്ടോ? 50,000 രൂപ പിഴ ചുമത്തി ഒരു മുഖ്യമന്ത്രിയെ അപമാനിച്ചിട്ടുണ്ടോ? ഈ സംഭവം പഞ്ചാബിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും “ സൗരഭ് ഭരദ്വാജ് പോസ്റ്റിൽ പറഞ്ഞു.
അതേസമയം എന്തിനാണ് പിഴ ചുമത്തിയതെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കിയിട്ടില്ല.

