കോർക്ക്: കൗണ്ടി കോർക്കിൽ വീടിന് തീപിടിച്ച് രണ്ട് മരണം. 70 വയസ്സ് പ്രായം തോന്നിയ്ക്കുന്ന ഭാര്യയും ഭർത്താവുമാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോർക്കിന്റെ തെക്ക് പടിഞ്ഞാറൻ പ്രദേശമായ ക്രോസ്ബാരിക്കടുത്തുള്ള റഹീനിലെ വീട്ടിൽ ആയിരുന്നു അപകടം ഉണ്ടായത്.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വില്യം, ജെറാൾഡിൻ ഹോക്സ് എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം ഉണ്ടായത്. വീടിന് തീപിടിച്ചുവെന്ന വിവരമാണ് ഫയർഫോഴ്സിന് ആദ്യം ലഭിച്ചത്. ഇവർ എത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

